Sunday, November 24, 2024

ചര്‍ച്ചകള്‍ക്ക് താത്പര്യമില്ല; പ്രകോപനമുണ്ടായാല്‍ ദക്ഷിണ കൊറിയയെ പൂര്‍ണമായും നശിപ്പിക്കും: കിം ജോങ് ഉന്‍

ദക്ഷിണ കൊറിയയുമായി നയതന്ത്രബന്ധം പുലര്‍ത്താന്‍ ആഗ്രഹമില്ലെന്ന് അറിയിച്ച് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. പ്രകോപിപ്പിച്ചാല്‍ തങ്ങളുടെ എതിരാളിയെ പൂര്‍ണമായും ഉന്മൂലനം ചെയ്യുമെന്നും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ആവര്‍ത്തിച്ചു പറഞ്ഞു.

സമീപ മാസങ്ങളില്‍ കൊറിയന്‍ ഉപദ്വീപില്‍ പിരിമുറുക്കങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കിമ്മിന്റെ ഭീഷണി ഉയര്‍ന്നിരിക്കുന്നത്. വ്യാഴാഴ്ച ഉത്തരകൊറിയയുടെ പ്രതിരോധ മന്ത്രാലയം സന്ദര്‍ശിച്ചപ്പോള്‍, ദക്ഷിണ കൊറിയയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് തന്റെ നീക്കങ്ങള്‍ എന്ന് എടുത്ത് പറഞ്ഞ കിം പ്രകോപനങ്ങള്‍ ഉണ്ടായാല്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണം നടത്താന്‍ തന്റെ സൈന്യത്തെ അനുവദിക്കുന്നുവെന്ന് പറഞ്ഞിരുന്നു.

നമ്മുടെ റിപ്പബ്ലിക്കിന്റെ തകര്‍ച്ചയ്ക്ക് ശ്രമിച്ച ദക്ഷിണ കൊറിയന്‍ പാവകളുമായുള്ള സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും ആവശ്യകത ഇല്ലാതാക്കാന്‍ താന്‍ മുന്‍കൈ എടുത്തതായി കിം പറഞ്ഞതായി ഉത്തര കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സന്ദര്‍ശന വേളയില്‍ കിം തന്റെ മകള്‍ കിം ജുഎയ്ക്ക് ഒപ്പമാണ് എത്തിയത്. ദക്ഷിണ കൊറിയയുമായുള്ള സമാധാനപരമായ ഏകീകരണം എന്ന ദീര്‍ഘകാല ലക്ഷ്യം ഉത്തരകൊറിയ ഉപേക്ഷിക്കുകയാണെന്ന് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് കിം ജോങ് ഉന്നിന്റെ പ്രസ്താവന വീണ്ടും വന്നത്.

അതേ സമയം യുഎസും ദക്ഷിണ കൊറിയയും ജപ്പാനും പ്രതികരണമായി അവരുടെ സംയുക്ത സൈനികാഭ്യാസങ്ങള്‍ കൊറിയന്‍ ഉപദ്വീപില്‍ ശക്തിപ്പെടുത്തുന്നുണ്ട്. കിമ്മിന് ഒരു യുദ്ധത്തില്‍ ഏര്‍പ്പെടാനുള്ള യഥാര്‍ത്ഥ ഉദ്ദേശം കുറവാണെങ്കിലും, ദക്ഷിണ കൊറിയയിലും അമേരിക്കയിലും തിരഞ്ഞെടുപ്പ് എത്തിയ സാഹചര്യത്തില്‍ പ്രകോപനം സൃഷ്ടിച്ച് സമ്മര്‍ദം വര്‍ധിപ്പിക്കാന്‍ ഉത്തര കൊറിയ ശ്രമിച്ചേക്കുമെന്നതിനാല്‍ ആശങ്കകള്‍ വര്‍ദ്ധിച്ചു വരുന്നുണ്ടെന്ന് ദക്ഷിണ കൊറിയന്‍ ഉദ്യോഗസ്ഥരും വിദഗ്ധരും അഭിപ്രായപ്പെട്ടു.

 

Latest News