Wednesday, May 14, 2025

റഷ്യ – യുക്രൈയ്ന്‍ യുദ്ധത്തടവുകാരെ മോചിപ്പിക്കാനുള്ള യുഎഇ ശ്രമങ്ങള്‍ക്ക് വീണ്ടും വിജയം

റഷ്യ – യുക്രൈയ്ന്‍ യുദ്ധത്തിനിടെ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള 100 യുദ്ധത്തടവുകാരെ കൂടി മോചിപ്പിക്കുന്നതിന് മധ്യസ്ഥത വഹിക്കുന്നതില്‍ വിജയം കൈവരിച്ച് യുഎഇ. ഈ വര്‍ഷത്തില്‍ ഇത് മൂന്നാമത്തെ കൈമാറ്റമാണ് നടക്കുന്നത്.

തടവുകാരെ മോചിപ്പിക്കാന്‍ സാധിച്ചത് മോസ്‌കോയും കീവുമായുള്ള യുഎഇയുടെ ശക്തമായ സൗഹൃദ ബന്ധത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ആദ്യ ഘട്ടത്തില്‍ 200 പേരെയും, രണ്ടാമത്തേതില്‍ 195 ലധികം സൈനികരെയും ഇരു രാജ്യങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ സാധിച്ചു. കൂടുതല്‍ നയതന്ത്ര ചര്‍ച്ചകളും നടക്കണമെന്നും ഇതിലൂടെ കൂടുതല്‍ ശ്രമങ്ങള്‍ നടത്താനും യുദ്ധത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനും സാധിക്കുമെന്നും യുഎഇ അഭിപ്രായപ്പെട്ടു.

2022 ഡിസംബറില്‍, റഷ്യയുമായുള്ള തടവുകാരുടെ കൈമാറ്റത്തില്‍, യുഎസ് ബാസ്‌ക്കറ്റ്ബോള്‍ താരം ബ്രിട്ട്നി ഗ്രിനറെ മോചിപ്പിക്കുന്നതിലും യുഎഇയുടെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ച വിജയിച്ചിരുന്നു .

 

Latest News