Monday, November 25, 2024

യുപിഐ സേവനങ്ങള്‍ കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക്

യുപിഐ സേവനങ്ങള്‍ കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക്. ഫ്രാന്‍സിന് പിന്നാലെ ശ്രീലങ്കയിലും മൗറീഷ്യസിലുമാണ് ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇനി യുപിഐ വഴിയുള്ള സേവനങ്ങള്‍ നടത്താനാകുക. ഇന്ന് മുതല്‍ ഇരു രാജ്യങ്ങളിലും യുപിഐ സേവനങ്ങള്‍ ലഭ്യമാകുമെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ഒപ്പം മൗറീഷ്യസില്‍ യുപിഐ സേവനങ്ങള്‍ക്ക് പുറമെ റുപേ കാര്‍ഡ് സേവനങ്ങളും ലഭ്യമാകുമെന്ന് വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നോന്ദ് തുടങ്ങിവര്‍ ഇന്ന് നടക്കാനിരിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കുമെന്ന് ആര്‍ബിഐ എക്‌സിലൂടെ അറിയിച്ചു.

ഈ നീക്കത്തിലൂടെ രാജ്യങ്ങള്‍ തമ്മിലുള്ള ഡിജിറ്റല്‍ കണക്റ്റിവിറ്റി വര്‍ധിക്കുന്നതോടൊപ്പം ജനങ്ങള്‍ക്ക് വേഗമേറിയതും തടസമില്ലാത്തതുമായ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രയോജനപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യമിട്ട് വിവിധ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള സര്‍വീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ആരംഭിക്കുന്നുണ്ട്.

 

Latest News