ഇനിയുമൊരു മനുഷ്യജീവന് വന്യമൃഗത്തിനു നല്കാതെസൂക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. ഇനി ഒരു ജീവന്‍കൂടി കാടെടുത്താല് ക്ഷമനശിച്ച പാവപ്പെട്ട ജനത എങ്ങനെയാണു പ്രതികരിക്കുക എന്ന് ഊഹിക്കാന്‍പോലും സാധിക്കില്ല.
തന്റെ ജീവിതകാലയളവില്‍ ഒരിക്കല്‍പ്പോലും, വയനാട്ടിലെ പനച്ചിയില്‍ അജീഷ് ഓര്‍ത്തിട്ടുണ്ടാകില്ല, ഒരു കാട്ടാനയുടെ ആക്രമണത്തില്‍ താന്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന്. മരണത്തെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടെങ്കില്ത്തന്നെ ആയുസ്സിന്റെ തികവില്‍ ഏറ്റവും ശാന്തമായ ഒരു മരണത്തെ ആയിരിക്കും അജീഷ് വിഭാവനം ചെയ്തിട്ടുണ്ടാകുക. തനിക്ക് ഒരു അകാലവേര്‍പാട് സംഭവിക്കുമെന്നോ, തന്റെ മൃതശരീരവും കൈയ്യിലേന്തി ഒരു വലിയ ജനക്കൂട്ടം പ്രക്ഷോഭം ഉണ്ടാക്കുമെന്നോ ഒരു തമാശയ്ക്കുപോലും അജീഷ് ചിന്തിച്ചിട്ടുണ്ടാകില്ല. അജീഷ് മാത്രമല്ല, ഇതിനുമുന്‍പ് വന്യജീവികളുടെ ആക്രമണത്തില്‍ മരണപ്പെട്ട നിരവധി ആളുകളും തങ്ങളുടെ ജീവിതം അവസാനിക്കുക ഇങ്ങനെ ആയിരിക്കുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിട്ടുണ്ടാകില്ല.
എന്നാല്‍ ഇപ്പോള്‍, വയനാടന്‍ജനതയ്ക്ക് തങ്ങളുടെ മരണം എങ്ങനെയാകാമെന്ന് ഊഹിക്കാന്‍ സാധിക്കും. വഴിയരികിലോ, കൃഷിയിടങ്ങളിലോ, എന്തിനേറെപ്പറയുന്നു വീടുകളില്‍പോലും തങ്ങളെത്തേടി പാഞ്ഞുവരുന്ന ആനയെയും കടുവയെയും കരടിയെയും കാട്ടുപോത്തിനെയുമൊക്കെ ഏതുസമയത്തും പ്രതീക്ഷിക്കുന്ന ഒരുകൂട്ടം പാവപ്പെട്ട മനുഷ്യരുടെ ജീവിതം നിലവിലെ സാഹചര്യത്തില്‍ ഒരു ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ സ്കൂളില്‍ പോകുന്ന കുഞ്ഞുമക്കളോട് മാതാപിതാക്കള്‍ നല്കുന്ന ഉപദേശം ആനയോ, കടുവയോ, പന്നിയോ മുന്നില്‍വന്നാല്‍ എന്തുചെയ്യണം എന്നുള്ളതാണ്.
വന്യമൃഗങ്ങള്‍ വയനാട്ടുകാര്‍ക്ക് ഒരു പുതിയ കാര്യമല്ല. കര്‍ഷകന്റെ വിയര്‍പ്പുകൊണ്ട് മണ്ണ് നനച്ചു കൃഷിചെയ്ത് തങ്ങളുടെ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കിയ കുടിയേറ്റ തലമുറയുടെ പിന്മുറക്കാര്ക്ക് തങ്ങളുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന കൃഷിയെ മാറ്റിനിര്‍ത്താന്‍ സാധിക്കാതെവന്നു. എങ്കിലും കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവിലും, എങ്ങനെയും ജീവിക്കണമെന്ന പ്രതീക്ഷ കൈവിടാതെ പിന്നെയും പിടിച്ചുനിന്ന പാവപ്പെട്ട മനുഷ്യരുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും തകര്ക്കുന്നതരത്തിലാണ് വന്യജീവികളുടെ ആക്രമണവും തുടരെയുണ്ടാകുന്ന മരണങ്ങളും.
മണ്ണിനെയും മനുഷ്യരെയും മൃഗങ്ങളെയും (അത് കാട്ടുമൃഗങ്ങളായാലും) നിരുപാധികം സ്നേഹിക്കുന്ന വയനാട്ടിലെ പാവം കര്‍ഷകജനതയ്ക്ക് ഇനി കൃഷി കണ്ണീരോര്മ്മയാകുന്ന കാലം വിദൂരമല്ല. കാരണം, കൃഷിയിടങ്ങളില്‍ ഇറങ്ങി എല്ലാം നശിപ്പിക്കുന്ന ആനയടക്കമുള്ള കാട്ടുമൃഗങ്ങളെ തിരിച്ച് ആക്രമിക്കാനോ, ഒന്ന് ഓടിച്ചുവിടാനോപോലും ഭയക്കുന്ന ഒരു കാലത്തിലാണ് ഇന്ന് ഇവര്‍ ജീവിക്കുന്നത്. കൃഷി നശിപ്പിച്ചാലും എങ്ങനെയെങ്കിലും അധ്വാനിച്ചു ജീവിക്കുമെന്നുള്ള കുറച്ചു മനുഷ്യരുടെ ഇച്ഛാശക്തിയെ പാടെ തകര്‍ക്കുന്ന രീതിയിലാണ് തങ്ങളുടെ ജീവനുപോലും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന വന്യമൃഗങ്ങളുടെ ആക്രമണവും അതിനെത്തുടര്‍ന്നുണ്ടാകുന്ന മരണങ്ങളും.
കൃഷിയില്‍ തുടങ്ങി ജീവനെടുക്കുന്ന കാട്ടുമൃഗങ്ങള്‍
ഒത്തിരി പ്രതീക്ഷയോടെയാണ് ഓരോ കര്‍ഷകനും വിത്തിടുന്നതും വളമിടുന്നതും തന്റെ വിളയെ പരിപാലിക്കുന്നതും. നല്ല വിളവ് എന്നത് നിലവിലെ സാഹചര്യംവച്ച് ഒരു വലിയ സമസ്യ തന്നെയാണ്. കാരണം, കാലാവസ്ഥാവ്യതിയാനങ്ങളെയും വന്യമൃഗശല്യങ്ങളെയും അതിജീവിച്ച് വിളവുണ്ടായാല്ത്തന്നെ വിപണിയിലെ വിലവ്യത്യാസങ്ങളും കര്‍ഷകന്റെ പ്രതീക്ഷകളില്‍ വില്ലനായി വരും. ആദ്യമൊക്കെ ഇവയില്‍ ഏതെങ്കിലുമൊരെണ്ണം തരണംചെയ്താല്‍ മതിയായിരുന്നു. എന്നാല്‍ ഇന്ന് ഗ്രാമീണകര്‍ഷകര്‍ക്ക് ഇവയെല്ലാം തരണംചെയ്താലേ കൃഷി സാധ്യമാകൂ. സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക നല്കിയാല്ത്തന്നെ മുടക്കുമുതലിന്റെ പകുതിപോലും വരില്ല അവയൊന്നും.
കായ്ക്കാറായ വിളവുകള്‍ നഷ്ടപ്പെടുന്നത്, കര്‍ഷകര്‍ക്ക് സ്വന്തം മക്കള്‍ നഷ്ടപ്പെടുന്നതിനു തുല്യമാണ്. അതുപോലെതന്നെ ആട്, പശു തുടങ്ങിയ ഉപജീവനത്തിനായുള്ള മാര്‍ഗങ്ങളെയും കടുവ കൊന്നൊടുക്കുന്ന വാര്‍ത്ത നാം അറിയുന്നുണ്ട്. വയനാട്ടിലെ കൃഷിയിലുണ്ടായ വന്കുറവുപോലും വന്യമൃഗശല്യം മൂലമാണ് എന്ന വസ്തുത നമുക്ക് മറച്ചുവയ്ക്കാനാകില്ല. നെല്ലും വാഴയും ഇഞ്ചിയും മറ്റു പച്ചക്കറികളും എല്ലാം കണ്മുന്നില്വച്ച് നശിപ്പിക്കപ്പെടുമ്പോള്‍ കണ്ണുനിറയുന്ന കര്‍ഷകന്റെ ചേതോവികാരം വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ സാധിക്കില്ല. അങ്ങനെയൊരു സ്ഥിതിയിലൂടെ കടന്നുപോകുമ്പോള്‍ തങ്ങളുടെ ജീവനെവരെ അപഹരിക്കാവുന്ന രീതിയില്‍ വന്യമൃഗശല്യവും ഉണ്ടാകുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയാണ്.
കഴിഞ്ഞ ദിവസം അജീഷിന്റെ മരണത്തില്‍ മാനന്തവാടിയില്‍ എത്തിച്ചേര്‍ന്ന ജനാവലിയുടെ പ്രതിഷേധം കേരളം കണ്ടതാണ്. ക്ഷമിച്ചും സഹിച്ചും പരിതപിച്ചും കഴിഞ്ഞുകൂടിയ ഒരു ജനതയുടെ പ്രതിഷേധമായിരുന്നു അത്. സഹതാപം, കണ്ണുനീര് എന്നതിലുപരിയായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സര്‍ക്കാരിനോട് പടപൊരുതേണ്ട അവസ്ഥ അങ്ങേയറ്റം വേദനാജനകമാണ്; അതും കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍നിന്ന് തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. മരണത്തിന്റെ നിഴല്‍ തങ്ങളുടെമേലും പതിക്കുമ്പോള്‍ സംഭവിക്കുന്ന തികച്ചും സ്വാഭാവികമായ ഒരു പ്രതിരോധം.
വടക്കനാട്: ഒരു സമരചരിത്രം
വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലെ വടക്കനാട് എന്ന ഗ്രാമത്തില്‍ ആനയുടെ ശല്യം സഹിക്കവയ്യാതെ ജീവിതം വഴിമുട്ടിയ നാട്ടുകാര്‍ നയിച്ച സമരം വയനാടന്‍ ജനതയ്ക്കു പരിചിതമാണ്. വന്യജീവികളുടെ ശല്യത്തില്‍നിന്ന് ശാശ്വതപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് വടക്കനാട് ഗ്രാമസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ അനിശ്ചിതകാല നിരാഹാരസമരം വയനാടിന്റെ പ്രതിഷേധത്തിന് പുതിയ മാനം നല്കി. 2018 മാര്‍ച്ച് 17-ന് ആരംഭിച്ച നിരാഹാരസമരം രണ്ടാഴ്ചയോളം നീണ്ടുനിന്നു.
രാപ്പകല്‍ വ്യത്യാസമില്ലാതെ വിവിധ ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ സുല്‍ത്താന്‍ ബത്തേരി നഗരത്തെ പിടിച്ചുലച്ചു. ആയിരത്തോളം ആളുകള്‍ നൂറിലധികം പ്രകടനങ്ങളുമായി സമരപ്പന്തലിലേയ്ക്കെത്തുകയും രാപ്പകല്‍ വ്യത്യാസമില്ലാതെ വടക്കനാട്ടിലെ ജനതയുടെ പ്രശ്നത്തെ ഗൗരവതരമായി കണ്ട് ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തു. രാവുംപകലും ഒരുപോലെ നടന്ന സമരത്തിന് ഒരു നാടുമുഴുവനും ഒറ്റക്കെട്ടായിനിന്നു.
242 സംഘടനകളില്‍നിന്ന് അരലക്ഷത്തോളം പേര് ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലിലെത്തി. വടക്കനാട്ടെ സ്ത്രീകളും കുട്ടികളുമടക്കം ഉപവാസമിരുന്നു. മന്ത്രിതല യോഗം ചേരുകയും കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്ത ഈ സമരം ഒരു നാടിന്റെ ഇച്ഛാശക്തികൊണ്ടുമാത്രം വിജയിച്ച ഒന്നാണ്. അന്നന്നത്തേയ്ക്കുള്ള അന്നത്തിനുവേണ്ടി പണിയെടുക്കുന്ന പാവപ്പെട്ട ഒരു ജനത അതിനെപ്പോലും വകവയ്ക്കാതെ സമരപ്പന്തലില്‍ വന്നിരുന്നു നിരാഹാരം ചെയ്തിട്ടുണ്ടെങ്കില്‍, തീര്‍ച്ചയായും അവരുടെ മുന്നില്‍ മറ്റൊരു മാര്‍ഗം ഇല്ലാത്തതുകൊണ്ടാണ്.
പാമ്പ് മുതല്‍ ആന വരെ
ചെറുതും വലുതുമായ നിരവധി വന്യജീവികള്‍ ജനങ്ങളുടെ ജീവന് ഭീഷണിയായുണ്ട്. സംസ്ഥാനത്ത് 2016 മുതല്‍ 2022 വരെ പാമ്പുകടിയേറ്റു മരണമടഞ്ഞത് 476 പേരാണ്. ഈ കാലയളവില്‍ പാമ്പ്, കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത്, കടുവ, എന്നീ വന്യജീവികളുടെ ആക്രമണത്തില്‍ 637 ജനങ്ങള്‍ കൊല്ലപ്പെട്ടു. 2018-19 കാലയളവിലാണ് ഏറ്റവും കൂടുതല്‍ വന്യജീവി ആക്രമണങ്ങളും മരണങ്ങളും സംഭവിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആ വര്‍ഷം 146 പേര് മരണപ്പെട്ടു. വനംവകുപ്പില്‍ നിന്നുള്ള രേഖകളില്‍നിന്നാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചവരുടെ കണക്കുകള്‍ ലഭ്യമായത്.
എട്ടുവര്‍ഷത്തിനിടെ കേരളത്തില്‍ വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത് 909 ജീവനുകളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ കാലയളവില്‍ 55,839 വന്യജീവി ആക്രമണങ്ങളിലായി 7492 പേര്‍ക്ക് പരിക്കേറ്റു. അതോടൊപ്പം 68.43 കോടിരൂപയുടെ കൃഷിനാശവും സംഭവിച്ചു. ജീവഹാനി സംഭവിച്ച 706 പേരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്കുകയുണ്ടായി. പരിക്കേറ്റ 6059 പേര്‍ക്ക് ചികിത്സാസഹായം അനുവദിച്ചെങ്കിലും ഇതൊന്നും ഒരു ശാശ്വതപരിഹാരമല്ലെന്ന് ഓര്‍മ്മിക്കണം.
മരിച്ചുജീവിക്കുന്നവര്‍
വന്യജീവി ആക്രമണങ്ങളില്‍ മരണംസംഭവിക്കുന്നത് വലിയ ചര്‍ച്ചയാകുന്നുണ്ടെങ്കിലും പരിക്കേറ്റവരുടെ കാര്യത്തില്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ല എന്നുള്ള വസ്തുത നിഷേധിക്കാനാകില്ല. കുടുംബത്തിന്റെ അത്താണിയായ നിരവധിപേര്‍ എഴുന്നേറ്റുനടക്കാന്‍പോലും സാധിക്കാതെ ജീവിക്കുന്നുണ്ട്. വന്യജീവികള്‍ നേരിട്ടും അല്ലാതെയും പരിക്കേല്പിക്കുന്ന ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇക്കഴിഞ്ഞ ജനുവരി 26-ന് വയനാട് കല്ലോടി സ്വദേശി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ജോണിയുടെ മകന് എബിന് എന്ന 31-കാരനു സംഭവിച്ച അപകടം മറ്റൊരു ഉദാഹരണമാണ്. ഗുണ്ടല്പ്പെട്ടു നിന്നു മടങ്ങിവരികയായിരുന്ന എബിന്റെ ബൈക്കിനു കുറുകെ മുത്തങ്ങയിലെ പൊന്കുഴിക്കടുത്തുനിന്നു ഒരു മാന്‍ ചാടുകയും നിയന്ത്രണംവിട്ട വാഹനത്തില്‍നിന്നു വീണ് എബിന്റെ തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വെന്റിലേറ്ററിലായിരുന്ന എബിനെ ഐ സി യുവിലേക്കു മാറ്റിയിട്ട് കുറച്ചുദിവസങ്ങളേ ആയിട്ടുള്ളൂ. ഇപ്പോഴും ഈ ചെറുപ്പക്കാരന് അബോധാവസ്ഥയിലാണ്.
ഇതുപോലെ പ്രത്യക്ഷവും പരോക്ഷവുമായ ആക്രമണങ്ങളില്‍ ജീവിതം വഴിമുട്ടിയ നിരവധി കുടുംബങ്ങളാണുള്ളത്. എങ്കിലും കൈയ്യബദ്ധംകൊണ്ട് ഒരു ആനയോ, മാനോ, കുരങ്ങോ കൊല്ലപ്പെട്ടാല്‍ പിന്നീട് അയാള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ നിയമനടപടികള്‍ അതിദാരുണമാണ്. അവിടെയാണ് മനുഷ്യനോ, മൃഗത്തിനോ കൂടുതല്‍ വില എന്നുള്ള ചോദ്യമുയരുന്നത്.
വേണം ശാശ്വതമായ പരിഹാരം
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന അടിസ്ഥാനപരമായ ആവശ്യത്തിനുവേണ്ടിയാണ് നിലവില്‍ ജനങ്ങള്‍ പോരാട്ടം നടത്തുന്നത്. സോളാര്‍ ഫെന്സിംഗോടുകൂടിയ കല്മതില് നിര്‍മ്മിക്കുക, കാടും നാടും വേര്‍തിരിക്കുക, വന്യജിവികളുടെ ആക്രമണത്താല്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങളുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരവും ആശ്രിതനു ജോലിയും നല്‍കുക, പരിക്കേല്‍ക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന ചികിത്സാസഹായം നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ ഗൗരവതരമായ ശ്രദ്ധ സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്.
ഇനിയുമൊരു മനുഷ്യജീവന് വന്യമൃഗത്തിനു നല്‍കാതെ സൂക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. ഇനി ഒരു ജീവന്‍കൂടി കാടെടുത്താല് ക്ഷമ നശിച്ച പാവപ്പെട്ട ജനത എങ്ങനെയാണു പ്രതികരിക്കുക എന്ന് ഊഹിക്കാന്‍പോലും സാധിക്കില്ല. ആഴ്ചയില്‍ ഒരാളെവീതം വന്യമൃഗങ്ങള്‍ക്കു കുരുതികൊടുക്കേണ്ട സ്ഥിതിവിശേഷത്തില്‍നിന്നും ഒരു നാടിനെ മോചിപ്പിക്കേണ്ടതുണ്ട്. സ്വപ്നങ്ങള്‍ ബാക്കിവച്ച് പ്രതീക്ഷയോടെ വിറങ്ങലിച്ചു ജീവിക്കുന്ന ഒരു നാടിന്റെയും ജനതയുടെയും സുരക്ഷയ്ക്കായി അധികൃതര്‍ ഉണരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
സുനീഷാ വി. എഫ്
Reference:
https://www.manoramaonline.com/news/latest-news/2024/02/10/rising-wildlife-encounters-fatal-for-hundreds-understanding-the-909-lives-lost-over-eight-years.html
https://keralakaumudi.com/news/news.php?id=998723&u=local-news-kannur
https://keralakaumudi.com/news/news.php?id=624855&u=pig-624855