Wednesday, May 14, 2025

കടമെടുപ്പ് പരിധി; കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ച നടത്തിക്കൂടേയെന്ന് സുപ്രീംകോടതി

കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മില്‍ ആദ്യം ചര്‍ച്ച നടത്തണമെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. സൗഹാര്‍ദ്ദപരമായ സമീപനം ഉണ്ടായിക്കൂടേയെന്ന് കേരളത്തോടും കേന്ദ്രത്തോടും കോടതി ചോദിച്ചു.

ചര്‍ച്ചക്ക് തയാറാണെന്ന് കേരളവും കേന്ദ്രവും കോടതിയെ അറിയിച്ചു. ഇതോടെ കേരള ധനമന്ത്രിയും കേന്ദ്ര ധനകാര്യ സെക്രട്ടറിയും ചര്‍ച്ച നടത്തട്ടേയെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ചര്‍ച്ചകള്‍ക്ക് കോടതി മധ്യസ്ഥത വഹിക്കുന്നത് അവസാനം മതിയെന്നും രണ്ടു മണിക്ക് രണ്ട് വിഭാഗവും നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമായി അടിയന്തിരമായി കടമെടുക്കാനുള്ള അനുവാദവും കേരളം തേടിയിട്ടുണ്ട്. കേരളത്തിന്റെ ധനകാര്യ മാനേജ്‌മെന്റ് പരാജയമായതിനാലാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ഹര്‍ജി തള്ളണമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. എജി ഇക്കാര്യത്തില്‍ വിശദമായ കുറിപ്പും ധനകാര്യ മന്ത്രാലയം സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ സത്യവാങ്മൂലത്തിന് മറുപടി സമര്‍പ്പിക്കാന്‍ മൂന്നാഴ്ചത്തെ സമയവും കേന്ദ്രം തേടിയിട്ടുണ്ട്.

 

 

Latest News