അംബികാപൂരിലെ കാര്‍മ്മല്‍ സ്കൂളിലെ ഒരു ആറാം ക്ലാസ് വിദ്യാര്‍ഥിനി സ്വഭവനത്തില്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവം അത്യന്തം വേദനാജനകമാണ്. കുട്ടിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അധ്യാപകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. അതേസമയം, അത്തരമൊരു ദാരുണസംഭവത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണത്തിനു മുതിരാതെ എല്ലാ തെളിവുകളും അനുകൂലമായിട്ടും കുറ്റാരോപിതയായ സന്യാസിനിയെ ജാമ്യം നിഷേധിച്ച് ജയിലിലടച്ചിരിക്കുന്നത് നീതിനിഷേധമാണ്.
ഛത്തീസ്ഘട്ട് സംസ്ഥാനത്തിലെ സര്‍ഗുജ ജില്ലയുടെ തലസ്ഥാനമായ അംബികാപൂരിലാണ് കാര്‍മ്മല്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ആ സ്കൂളിലെ ഒരു ആറാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് അറസ്റ്റിലായ സ്കൂളിലെ അധ്യാപിക സി. മേഴ്സി ജാമ്യം ലഭിക്കാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്. രണ്ടാം തവണയാണ്, ഈ ഫെബ്രുവരി പതിനഞ്ചിന് സി. മേഴ്സിക്ക് ജാമ്യം നിഷേധിച്ചിരിക്കുന്നത്.
സംഭവം:
ഫെബ്രുവരി ആറാം തീയതിയാണ് സംഭവങ്ങളുടെ തുടക്കം. അന്നേ ദിവസം രാത്രി 9. 30-ഓടെ കാര്‍മ്മല്‍ സ്കൂളിലെ ഒരു ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവസ്ഥലത്തുനിന്ന് കുട്ടി എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. അത് സ്വന്തം കൈപ്പടയില്‍ അവള്‍തന്നെ എഴുതിയതാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയുണ്ടായി.
ആത്മഹത്യാക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
‘ഇന്ന് എന്റെയും രണ്ടു കൂട്ടുകാരികളുടെയും ഐഡി കാര്‍ഡ് എന്റെ സ്കൂളിലെ സി. മേഴ്സി പിടിച്ചുവാങ്ങി. അവള് ഭയങ്കര അപകടകാരിയാണെന്ന് എന്റെ കൂട്ടുകാരികള്‍ എന്നോടുപറഞ്ഞു. അവള് ഐഡി കാര്‍ഡ് ഹെഡ്മിസ്ട്രസിന്റെ കയ്യില്‍ കൊടുക്കുകയും മാതാപിതാക്കളെ വിളിപ്പിക്കുകയും ചെയ്യും. ഞാന്‍ വല്ലാതെ പേടിച്ചുപോയി. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. എന്റെ മരണത്തിന് കാരണം സി. മേഴ്സി ആണ്. ഒപ്പം, ആരുഷ് (ഏഴാം ക്ലാസിലെ ഒരു ആണ്‍കുട്ടി) എന്നെ തിരിച്ച് സ്നേഹിക്കുന്നുണ്ടോ എന്ന് അറിയുക എന്ന ഉദ്ദേശ്യവുമുണ്ട്. എന്റെ മരണം അവനൊരു പ്രശ്നമല്ലെങ്കില്‍, അവന് സന്തോഷമായിരിക്കട്ടെ. എനിക്ക് സി. മേഴ്സിയോട് പകരംവീട്ടണം. അവള്‍ക്ക് ജീവിച്ചിരിക്കാനുള്ള അര്‍ഹതയില്ല. Okey, thats it, Bye….’ (ഒപ്പ്, തീയതി)
നിര്‍ത്തിയതിനുശേഷം വീണ്ടും എഴുതുന്നു:
‘എന്റെ കൂട്ടുകാരികള്‍ക്ക് ശിക്ഷ കിട്ടാതിരിക്കാന്‍ ദയവായി അവരെ സംരക്ഷിക്കുക.’
‘മമ്മയെയും പപ്പയെയും ആരുഷിനെയും കൂട്ടുകാരെയും കസിന്സിനെയും ഞാന്‍ സ്നേഹിക്കുന്നു. ഞാന്‍ സന്തോഷവതിയായിരിക്കാന്‍ പരിശ്രമിച്ച എല്ലാവര്ക്കും നന്ദി. ദയവായി എന്റെ ശരീരം പോസ്റ്റ്മോര്‍ട്ടം ചെയ്യരുത്. എന്റെ സംസ്കാരത്തിന് എല്ലാ കൂട്ടുകാരെയും ആരുഷിനെയും വിളിക്കണം.’
‘എന്റെ അമ്മയ്ക്ക് എന്റെ എന്റെ മരണത്തില്‍ പങ്കില്ല’ (പിതാവിനും മുത്തച്ഛനും അമ്മയ്ക്കുമൊപ്പം താമസിക്കുന്ന കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ ‘അമ്മയ്ക്ക് പങ്കില്ല’ എന്ന് പ്രത്യേകമായി എഴുതിയിരിക്കുന്നത് വിചിത്രമാണ്).
സ്കൂളില്‍നിന്നു തിരിച്ചെത്തിയശേഷം മകള്‍, തനിക്കു സുഖമില്ല എന്നുപറയുകയും, താന്‍ നല്കിയ മരുന്നുകഴിച്ച് അവള് കിടപ്പുമുറിയിലേക്കു പോവുകയുംചെയ്തു എന്നാണ് അവളുടെ അമ്മ പറഞ്ഞതായി എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. രാത്രി വൈകിയും കിടപ്പുമുറിയില്‍നിന്നു പുറത്തിറങ്ങാതിരുന്നപ്പോള്‍ പോയി വിളിക്കുകയും, വാതില്‍ തുറക്കാതിരുന്നതിനാല്‍ സമീപത്തുള്ള പൂജാമുറിയുടെ സമീപമുള്ള ജനലിലൂടെ നോക്കിയപ്പോള്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കാണുകയുമായിരുന്നു എന്ന് അവര്‍ പറയുന്നു. തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ ചവിട്ടിത്തുറക്കുകയായിരുന്നു. രാത്രി പത്തുമണിയോടെ മരണവിവരം ക്ലാസ് ടീച്ചറെ അറിയിച്ചിരുന്നു. അപ്പോള്‍ത്തന്നെ ക്ലാസ് ടീച്ചര്‍ ഹെഡ്മിസ്ട്രസിനെയും വിവരം അറിയിച്ചു. ഉടന്‍തന്നെ ഹെഡ്മിസ്ട്രസ് കുട്ടിയുടെ പിതാവിനെ വിളിച്ചുസംസാരിച്ചു. അയാള്‍ അപ്പോള്‍ വീട്ടില്‍ എത്തിയിരുന്നില്ല. കുട്ടിയുടെ വീടിനുസമീപമുള്ള ഒരു സ്കൂള്‍ അധ്യാപികയെ ഉടന്‍തന്നെ സംഭവസ്ഥലത്തേക്കു പറഞ്ഞയയ്ക്കുകയും തൂങ്ങിനില്‍ക്കുന്ന നിലയില്‍ കുട്ടിയെ കാണുകയും ചെയ്തിരുന്നു.
മരണം നടന്നത് ഫെബ്രുവരി ആറാം തീയതി രാത്രി ഒമ്പതരയോടെ ആയിരുന്നെങ്കിലും, എഫ്.ഐ.ആര് പ്രകാരം പൊലീസ് സ്റ്റേഷനില്‍ വിവരംലഭിച്ചതായി പറയുന്നത് ഏഴാം തീയതി ഉച്ചയ്ക്കുശേഷം 2. 10-നാണ്. പൊലീസ് സ്ഥലത്തെത്തിയത് ഏഴാം തീയതി ഉച്ചയ്ക്കുശേഷമാണ് എന്നു വ്യക്തം. ഇക്കാര്യത്തില്‍ വലിയ ദുരൂഹതയുണ്ട്. ഏഴാം തീയതി രാവിലെ മുതല്‍തന്നെ കുട്ടിയുടെ ആത്മഹത്യാക്കുറിപ്പും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. അതേത്തുടര്‍ന്ന് സ്കൂളിനെതിരെയുള്ള പ്രചാരണങ്ങള്‍ ശക്തിപ്രാപിക്കുകയും ചില തീവ്രവര്‍ഗീയ സംഘടനാപ്രവര്‍ത്തകര്‍ കൂട്ടത്തോടെയെത്തി പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. കുറ്റാരോപിതയായ സി. മേഴ്സിയെ ജീവനോടെ തീകൊളുത്തി കൊല്ലുമെന്നായിരുന്നു പ്രക്ഷോഭകാരികളുടെ ഭീഷണി.
പൊലീസ് കേസെടുത്തതോടൊപ്പംതന്നെ സി. മേഴ്സി അറസ്റ്റിലുമായി. ഹിന്ദുത്വസംഘടനകളുടെ ഭീഷണിയെതുടര്‍ന്ന് ഒരാഴ്ച സ്കൂള്‍ അടച്ചിട്ടു. ഐ.പി.സി 305 (കുട്ടികളെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുക) പ്രകാരമാണ് സി. മേഴ്സിക്കെതിരെ കേസ് എടുക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തത്. കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലെ ബാലിശമായ ആരോപണമല്ലാതെ മറ്റൊരു തെളിവും സിസ്റ്ററിനെതിരെ ഇല്ലാതിരുന്നിട്ടും, രണ്ടാം തവണയും കോടതി ജാമ്യം നിഷേധിക്കുകയാണ് ഉണ്ടായത്. മരണപ്പെട്ട കുട്ടിക്ക് നേരിട്ട് പരിചയംപോലുമില്ലാത്ത, അവളുടെ അധ്യാപികയായിരുന്നില്ലാത്ത വ്യക്തിയാണ് കുറ്റം ആരോപിക്കപ്പെട്ട സി. മേഴ്സി. അവര്‍ ചെയ്ത ‘തെറ്റ്’ ഒരു പ്രത്യേക സാഹചര്യത്തില്‍ മൂന്നുകുട്ടികളുടെ ഐഡി കാര്‍ഡ് വാങ്ങിവച്ചു എന്നുള്ളതായിരുന്നു. അതിന് വ്യക്തമായ കാരണവുമുണ്ടായിരുന്നു.
ആത്മഹത്യയ്ക്കുമുമ്പ് സ്കൂളില്‍ സംഭവിച്ചത്:
ഫെബ്രുവരി ആറാം തീയതി അവസാനത്തെ പിരീഡില്‍ ക്ലാസില്‍ കയറാതെ ആറാം ക്ലാസിലെ മൂന്നു പെണ്‍കുട്ടികള്‍ തങ്ങളുടേതല്ലാത്ത ഫ്ലോറിലെ ടോയ്ലെറ്റിനുള്ളില്‍ (മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികള്‍ ഉപയോഗിക്കുന്ന ടോയ്ലെറ്റ്) കുറെ സമയമായി കയറി വാതില്‍ അടച്ചിരിക്കുന്നതായി കണ്ട ചില കുട്ടികള്‍ സി. മേഴ്സിയെ വിവരമറിയിച്ചു. അരമണിക്കൂറോളം സമയം ഒരേ ടോയ്ലെറ്റില് ആയിരുന്നശേഷം പുറത്തിറങ്ങിയ അവരോട് സി. മേഴ്സി സ്വാഭാവികമായും കാര്യം ആരായുകയും, കുട്ടികളെ തിരിച്ചറിയുന്നതിനായി ഐഡി കാര്‍ഡുകള്‍ വാങ്ങുകയും ചെയ്തു. ശേഷം തിരികെ ക്ലാളാസിലേക്കു പറഞ്ഞുവിട്ടു.
സ്കൂളില്‍ ആയിരിക്കുമ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ ചുമതലാബോധമുണ്ടായിരിക്കേണ്ട അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന സ്വാഭാവികനടപടി മാത്രമാണ് സി. മേഴ്സിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ടോയ്ലെറ്റിന്റെ കോറിഡോറിലെ (അവിടെമാത്രം സി.സി ടിവി സ്ഥാപിച്ചിട്ടില്ല) ദൃശ്യങ്ങളൊഴികെ സംഭവവുമായി ബന്ധപ്പെട്ട എല്ലാ ദൃശ്യങ്ങളും തെളിവുകളായി സി.സി ടിവിയിലുണ്ട്. സി. മേഴ്സി ഇടപെടുന്നതിനുമുമ്പ് തങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് കുട്ടികള്‍ പലപ്പോഴായി നിരീക്ഷിക്കുന്നത് സി.സി ടിവിയില്‍ വ്യക്തമാണ്. മാത്രവുമല്ല, തിരികെ ക്ലാസിലെത്തിയ കുട്ടികള്‍ വളരെ സ്വാഭാവികമായി പരസ്പരം സംസാരിച്ചുകൊണ്ടും ഇടപഴകിക്കൊണ്ടും അവിടെ സമയം ചെലവഴിക്കുന്നതും സി.സി ടിവിയില്‍ കാണാം.
പിന്നീടുണ്ടായത്:
മരണപ്പെട്ട കുട്ടിയുടെ ഗ്രാന്റ് പേരന്റ് ആയ അഭിഭാഷകന്റെ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ വ്യക്തമാണ്. കുറ്റാരോപിതയായ സന്യാസിനിക്കുവേണ്ടി കേസ് വാദിക്കാന്‍ അഭിഭാഷകര്‍ ആരും തയ്യാറായിരുന്നില്ല. കേസ് നിഷ്പക്ഷമായി അന്വേഷിച്ചുതുടങ്ങിയ പൊലീസ് ഓഫീസര്‍ ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലംമാറ്റപ്പെട്ടു. വാദം പൂര്‍ത്തിയായിട്ടും വിധിപറയാനുള്ള കാലതാമസം കോടതിയില്‍ ഉണ്ടായി. ഇത്തരത്തില്‍, കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കി മാറ്റാനും, അന്വേഷണം വൈകിപ്പിക്കാനും, കൈകടത്തലുകള്‍ നടത്താനുമുള്ള നീക്കങ്ങള്‍ എല്ലായ്പ്പോഴും പ്രകടമായിരുന്നു. ഒപ്പമുണ്ടായ രാഷ്ട്രീയ ഇടപെടലുകളും വ്യാജപ്രചാരണങ്ങളും ഒരു പ്രക്ഷോഭത്തിലേക്കു നയിച്ചു. ഒരു വര്ഗീയകലാപസമാനമായ സാഹചര്യമായിരുന്നു അവിടെ ഉടലെടുത്തത്.
സി. മേഴ്സി യാതൊരു തെറ്റും ചെയ്തിട്ടില്ല എന്ന കാര്യത്തില്‍ പൊലീസിനും കോടതിക്കും, കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയ ആര്‍ക്കും സംശയമില്ല. എന്നാല്‍, ഇത്തരമൊരു സംഭവത്തിന്റെപേരില്‍ വലിയ രാഷ്ട്രീയ-വര്ഗീയമുതലെടുപ്പുകളാണ് അവിടെ നടന്നത്. കത്തോലിക്കാ സന്യാസിനിമാരുടെ നേതൃത്വത്തില്‍ മാതൃകാപരമായി നടന്നുവരുന്ന ആ സ്കൂളിനെതിരെ വലിയ രീതിയിലുള്ള വ്യാജപ്രചാരണങ്ങള്‍ നടന്നു. സംഭവത്തെക്കുറിച്ചു പുകമറ സൃഷ്ടിച്ചുകൊണ്ട് സാധാരണക്കാര്‍ക്കിടയില്‍ തെറ്റിധാരണകള്‍ സൃഷ്ടിക്കുകയും അവരുടെ വികാരത്തെ മുതലെടുത്ത് കലാപം സൃഷ്ടിക്കാന്‍ ശ്രമംനടത്തുകയും ചെയ്തു. കാര്യങ്ങള്‍ വ്യക്തമാണെങ്കിലും ഒരാഴ്ചയ്ക്കുശേഷവും നിരപരാധിയായ ഒരു അധ്യാപികയെ ജയിലിട്ടിരിക്കുന്നു. സി. മേഴ്സിക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ വലിയ രാഷ്ട്രീയസമ്മര്‍ദം പൊലീസിനും കോടതിക്കുംമേല് ഉള്ളതായാണ് സംശയിക്കുന്നത്. ജാമ്യം അനുവദിക്കാന്‍പാടില്ല എന്ന പൊലീസിന്റെ ശക്തമായ വാദം കോടതിഉത്തരവില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഇന്ന് കാര്‍മ്മല്‍ സ്കൂള്‍ അധികൃതരും അധ്യാപകരും കടുത്ത പരിഭ്രാന്തിയിലാണ്. തങ്ങളുടെ ഭാഗത്ത് യാതൊരു പിഴവുമുണ്ടായിട്ടില്ല എന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുമെന്നിരിക്കെ, വ്യാജപ്രചാരണങ്ങള്‍ നടത്തി കലാപംസൃഷ്ടിക്കാനുള്ള ശ്രമമാണ് അവിടെ നടന്നത് എന്നതാണ് കാരണം. ഇനിയും ഒരിക്കല്‍ക്കൂടി ഇതുപോലെ എന്തെങ്കിലും സംഭവിച്ചാല്‍ പരിണിതഫലം പ്രവചനാതീതമായിരിക്കുമെന്ന് അവര്‍ ഭയക്കുന്നു. സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും ഉള്‍പ്പെടെ വിദ്യാര്‍ഥികളുടെ ശിക്ഷണകാര്യത്തില്‍ അധ്യാപകര്‍ സവിശേഷമായ ശ്രദ്ധ പുലര്‍ത്തണമെന്ന് വിവിധ വിധികളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട് എന്നിരിക്കെ, ഇത്തരമൊരു സാഹചര്യത്തില്‍ കാര്യം അന്വേഷിക്കുകയും ഐഡി കാര്‍ഡുകള്‍ വാങ്ങുകയും ചെയ്തു എന്നതുമാത്രം, ഇപ്രകാരം ഒരു അധ്യാപിക കുറ്റക്കാരിയാകാനും ജനരോഷത്തിന് ഇരയാകാനും കാരണമായെങ്കില്‍ അവരുടെ ആശങ്ക അടിസ്ഥാനരഹിതമല്ല.
ഇപ്രകാരം ക്രൈസ്തവസ്ഥാപനങ്ങളും സമര്‍പ്പിതരും വര്‍ഗീയവാദികള്‍ നേതൃത്വംനല്കുന്ന ആള്‍ക്കൂട്ടവിചാരണയ്ക്കു വിധേയരാകുന്നു എന്നത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ്. നിസ്വാര്‍ഥമായി സേവനംചെയ്യുന്നവരെ ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനുമുള്ള നീക്കങ്ങള്‍ക്കെതിരെ ഭരണസംവിധാനങ്ങളും നിയമവ്യവസ്ഥിതിയും ജനാധിപത്യവിശ്വാസികളും മുന്നോട്ടുവരേണ്ടിയിരിക്കുന്നു.
വോയിസ് ഓഫ് നണ്‍സ്