അനധികൃത സ്വത്ത് സമ്പാദനക്കേസില്‍, തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഉള്‍പ്പെടെയുള്ളവരില്‍നിന്ന് പിടിച്ചെടുത്ത കോടികള്‍ വില വരുന്ന ജംഗമവസ്തുക്കള്‍ വൈകാതെ തമിഴ്നാട് സര്‍ക്കാരിന് സ്വന്തമാകും. ബെംഗളുരുവില്‍ ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതല്‍ കൈപ്പറ്റാന്‍ ആറ് വലിയ പെട്ടികളുമായി മാര്‍ച്ച് ആദ്യ വാരം എത്താന്‍ തമിഴ്‌നാട് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.
സ്വര്‍ണ-വജ്ര-വെള്ളി ആഭരണങ്ങള്‍, സ്വര്‍ണ-വെള്ളി-പാത്രങ്ങള്‍, സാരികള്‍, ചെരുപ്പുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കോടികള്‍ വിലവരുന്ന വസ്തുക്കളാണ് തമിഴ്‌നാട് സര്‍ക്കാരിന് വിട്ടുനല്‍കുന്നത്. കോടതി നിര്‍ദേശപ്രകാരം തമിഴ്‌നാട് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിജിലന്‍സ് ഐജിയും നേരിട്ടെത്തി വേണം തൊണ്ടിമുതല്‍ കൈപ്പറ്റാന്‍. രണ്ടു ദിവസമെടുത്ത് വസ്തുക്കള്‍ എണ്ണിത്തിട്ടപ്പെടുത്തി കൊണ്ടുപോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. മുഴുവന്‍ നടപടിക്രമങ്ങളും വീഡിയോയില്‍ ചിത്രീകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കേസ് നടത്തിപ്പിന് കര്‍ണാടകയ്ക്ക് ചെലവായ അഞ്ച് കോടി രൂപ ഡിമാന്‍ഡ് ഡ്രാഫ്റ്റായി തമിഴ്നാട് നല്‍കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും പണം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കിരണ്‍ ജവുളി പറഞ്ഞു. മാര്‍ച്ച് ആറിന് ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
800 കിലോഗ്രാം വെള്ളി, 28 കിലോഗ്രാം സ്വര്‍ണം, വജ്രാഭരണങ്ങള്‍, പതിനായിരത്തോളം പട്ട് സാരികള്‍, 250 ഷാള്‍, 750 ചെരുപ്പ്, 12 ഫ്രിഡ്ജ്, 44 എസി, 91 വാച്ചുകള്‍ തുടങ്ങിയവയായിരുന്നു ജയലളിതയുടെ വീടായ വേദ നിലയത്തില്‍നിന്ന് പിടിച്ചെടുത്തത്. 1996 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട അനധികൃത സ്വത്തുസമ്പാദന കേസിന്റെ വിചാരണ രാഷ്ട്രീയ ഇടപെടല്‍ ചൂണ്ടിക്കാട്ടി ബെംഗളുരുവിലേക്ക് മാറ്റിയതോടെയായിരുന്നു തൊണ്ടിമുതല്‍ ചെന്നൈ ആര്‍ ബി ഐയില്‍നിന്ന് ബെംഗളുരുവിലെത്തിച്ചത്.