Monday, November 25, 2024

മോഷ്ടിക്കപ്പെട്ട ഐ ഫോണുകള്‍ കണ്ടെത്തുന്നത് ആപ്പിളിന്റെ ഉത്തരവാദിത്തമല്ലെന്ന് സുപ്രീം കോടതി

മോഷ്ടിക്കപ്പെട്ട ഐ ഫോണുകള്‍ കണ്ടെത്തുന്നത് ആപ്പിളിന്റെ ഉത്തരവാദിത്തമല്ലെന്ന് സുപ്രീംകോടതി. ആപ്പിളിലെ യുണീക് ഐഡി ഉപയോഗിച്ച് കാണാതായ ഐ ഫോണുകള്‍ കണ്ടെത്താനാകും. എന്നാല്‍ ഇങ്ങനെ ഫോണ്‍ കണ്ടെത്തി നല്‍കാന്‍ ആപ്പിളിന് ബാധ്യതയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഒഡീഷ സംസ്ഥാന ഉപഭോകൃത കമ്മീഷന്‍ ആപ്പിളിനെതിരെ നടത്തിയ നിരീക്ഷണം തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണായക പരാമര്‍ശം.

കമ്മീഷന്റെ നിരീക്ഷണം അനാവശ്യമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബഞ്ചാണ് ഒഡീഷ സംസ്ഥാന ഉപഭോകൃത കമ്മീഷനെതിരെ ആപ്പിള്‍ ഇന്ത്യ നല്‍കിയ അപ്പീല്‍ പരിഗണിച്ചത്. തന്റെ മോഷ്ടിക്കപ്പെട്ട ഫോണ്‍ കണ്ടെത്തി നല്‍കണമെന്നാവശ്യപ്പെട്ട് ആപ്പിള്‍ ഇന്ത്യക്കും പോലീസിലും ഒരു ഉപഭോക്താവ് പരാതി നല്‍കിയതോടെയാണ് കേസിന്റെ തുടക്കം.

എന്നാല്‍ ഫോണ്‍ ട്രാക്ക് ചെയ്ത് കണ്ടെത്തി നല്‍കാന്‍ ആപ്പിള്‍ നടപടി സ്വീകരിച്ചിരുന്നില്ല. ജില്ലാ ഉപഭോകൃത ഫോറത്തില്‍ നല്‍കിയ പരാതിയില്‍ ഉപഭോക്താവിന് അനുകൂലമായ വിധിയാണ് ഉണ്ടായത്. പിന്നീട് ഈ വിധി ചോദ്യം ചെയ്ത് ആപ്പിള്‍ ഇന്ത്യ ഒഡീഷ സംസ്ഥാന ഉപഭോകൃത കമ്മീഷനെ സമീപിച്ചു. എന്നാല്‍ ഫോണ്‍ കണ്ടെത്തി നല്‍കാന്‍ ആപ്പിളിന് ഉത്തരവാദിത്തമുണ്ടെന്നാണ് ഒഡീഷ സംസ്ഥാന ഉപഭോകൃത കമ്മീഷനും വിധിച്ചത്. ശേഷം ആപ്പിള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം മോഷ്ടിക്കപ്പെട്ട ഐ ഫോണുകള്‍ കണ്ടെത്തുന്നത് ആപ്പിളിന്റെ ഉത്തരവാദിത്തമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.

 

Latest News