വയനാട്ടിലെ വന്യജീവി സംഘര്‍ഷത്തെ തുടര്‍ന്ന് സിസിഎഫ് ചുമതലയേറ്റു. ഈസ്റ്റേണ്‍ സര്‍ക്കിള്‍ സിസിഎഫ് കെ വിജയാനന്ദിനാണ് ചുമതല. വാര്‍ റൂം ഉള്‍പ്പെടെ വൈകാതെ സജ്ജമാക്കും. സവിശേഷ അധികാരമുള്ള ഓഫീസറായിരിക്കും വയനാട് സിസിഎഫ്.
മാനന്തവാടി നോര്‍ത്ത് ഡിഎഫ്ഒ ഓഫീസ് ക്യാമ്പാണ് താത്കാലിക ഓഫീസാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വയനാട്ടിലെ ജനപ്രതിനിധികളുടെ യോഗത്തിലായിരുന്നു തീരുമാനം. സിസിഎഫിന് കൂടുതല്‍ അധികാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കാനും തീരുമാനിച്ചിരുന്നു.
അതേസമയം വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രം വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന് നടക്കും. കല്‍പ്പറ്റ കളക്ട്രേറ്റില്‍ രാവിലെ 10മണിയ്ക്കാണ് യോഗം നടക്കുന്നത്. യോഗത്തില്‍ കേരള വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ കര്‍ണാടകത്തിലെ വനം ഉദ്യോഗസ്ഥരും പങ്കെടക്കണമെന്ന് നിര്‍ദേശമുണ്ട്.
റേഡിയോ കോളര്‍ ഘടിപ്പിച്ച ആനകളെ കര്‍ണാടകം കേരളാ വനാതിര്‍ത്തിയില്‍ തുറന്നു വിട്ടത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. വന്യമൃഗ ശല്യം ജില്ലയില്‍ രൂക്ഷമായ സാഹചര്യത്തിലാണ് ഭൂപേന്ദര്‍ യാദവ് യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയ മന്ത്രി വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകളും സന്ദര്‍ശിച്ചിരുന്നു.