Sunday, November 24, 2024

ഇസ്രായേലിനായി രാജ്യവ്യാപകമായ പ്രാര്‍ത്ഥനയുമായി ദക്ഷിണാഫ്രിക്കയിലെ ക്രിസ്ത്യാനികള്‍

ദക്ഷിണാഫ്രിക്കയ്ക്കും ഇസ്രായേലിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനായി നൂറുകണക്കിന് ദക്ഷിണാഫ്രിക്കന്‍ ക്രിസ്ത്യാനികള്‍ ഫെബ്രുവരി 25 ഞായറാഴ്ച രാജ്യവ്യാപകമായി പ്രധാനപ്പെട്ട പട്ടണങ്ങളില്‍ ഒത്തുകൂടും. ടൈം2റൈസ് സൗത്ത് ആഫ്രിക്കയാണ് ഈ പ്രാര്‍ത്ഥനാ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. യഹൂദ രാഷ്ട്രമായ ഇസ്രായേലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും ഇസ്രയേലിനെതിരെ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ഉയര്‍ത്തുന്ന അടിസ്ഥാനരഹിതമായ കുറ്റാരോപണങ്ങള്‍ക്കെതിരെ പ്രതികരിക്കാനും വേണ്ടിയാണ് അവര്‍ ഒത്തുകൂടുന്നത്.

‘ഇസ്രായേലിനെതിരെ ഞങ്ങളുടെ സര്‍ക്കാര്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ പല ക്രിസ്ത്യന്‍ സമൂഹവും കടുത്ത അതൃപ്തിയിലാണ്. ജനാധിപത്യം എന്ന് വിളിക്കപ്പെടുന്ന ഒരു രാജ്യത്ത്, ഇസ്രായേലിനെ പിന്തുണച്ച് ഞങ്ങളുടെ വിശ്വാസവും മൂല്യങ്ങളും പ്രകടിപ്പിക്കാനുള്ള അതേ അവകാശവും സ്വാതന്ത്ര്യവും ഞങ്ങള്‍ക്ക് നല്‍കണം. സമാധാനപരമായി പ്രാര്‍ത്ഥിക്കാനും പ്രതിഷേധിക്കാനും കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’. പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്ന ക്രിസ്റ്റ്യന്‍ വ്യൂ നെറ്റ്വര്‍ക്കിന്റെ ഡയറക്ടര്‍ ഫിലിപ്പ് റോസെന്താല്‍ വിശദീകരിച്ചു.

രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന കൂട്ടായ്മയുടെ ഓരോ സെഷനിലും ഇസ്രായേലിന് വേണ്ടിയുള്ള പ്രാര്‍ത്ഥന, അന്താരാഷ്ട്ര നീതിന്യായ കോടതിക്കെതിരായ പ്രഖ്യാപനം, ദക്ഷിണാഫ്രിക്കയിലെ ദൈവിക ഇടപെടലിനായുള്ള പ്രാര്‍ത്ഥന എന്നിവ ഉള്‍പ്പെടുന്നു. പ്രിട്ടോറിയ, ജോഹന്നാസ്ബര്‍ഗ്, കേപ് ടൗണ്‍, ഡര്‍ബന്‍, ബ്ലൂംഫോണ്ടെയ്ന്‍, പോര്‍ട്ട് എലിസബത്ത്, പോച്ചെഫ്സ്ട്രോം എന്നിവിടങ്ങളിലെ സെഷനുകള്‍ ഇതിനകം ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസം, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിചാരണയ്ക്ക് മുന്നോടിയായി, ഗാസയില്‍ പലസ്തീനികള്‍ക്കെതിരെ വംശഹത്യ നടത്തുന്നു എന്നാരോപിച്ച് ഇസ്രായേലിനെ കോടതിയില്‍ ഹാജരാക്കാനുള്ള തീരുമാനത്തിനെതിരെ ദക്ഷിണാഫ്രിക്കയിലുടനീളമുള്ള ക്രിസ്ത്യന്‍ നേതാക്കള്‍ സര്‍ക്കാരിന് തുറന്ന കത്തയച്ചിരുന്നു. തങ്ങളുടെ സര്‍ക്കാര്‍ ‘ഇരകളെ കുറ്റപ്പെടുത്തുന്നു’ എന്നും ‘ഹമാസിന്റെ തന്ത്രങ്ങളെ നേരിട്ട് പിന്തുണയ്ക്കുന്നു’ എന്നും കത്തില്‍ കുറ്റപ്പെടുത്തുകയും ചെയ്തു.

Latest News