Sunday, November 24, 2024

നിവൃത്തിയില്ലെങ്കില്‍ വന്യജീവികളെ കൊല്ലാന്‍ ഉത്തരവിടാം; നിയമഭേദഗതി വേണ്ടെന്ന് കേന്ദ്രമന്ത്രി

വയനാട്ടിലെ വന്യജീവി ആക്രമണത്തിന് പരിഹാരം കാണാന്‍ സലിം അലി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. വന്യജീവി സംരക്ഷണവും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കലും ഒരുപോലെ പ്രധാനമാണ്. പ്രശ്നക്കാരായ വന്യമൃഗങ്ങളെ പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരമുണ്ടെന്നും വയനാട്ടില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പറഞ്ഞു.

ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ വന്യജീവികളെ കൊല്ലാന്‍ ഉത്തരവിടാം. ഇതിന് നിയമഭേദഗതി ആവശ്യമില്ല. കേരളത്തിന് 2022-23 ല്‍ 15.82 കോടി രൂപ നല്‍കിയിരുന്നു. ഈ തുക ഉപയോഗിച്ച് ജനങ്ങളെ സംരക്ഷിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് കേന്ദ്രം 10 ലക്ഷം രൂപ വീതം നല്‍കുന്നുണ്ട്. വന്യജീവികളെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്കാകുമെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞു.

ആളെക്കൊല്ലി കാട്ടാനയായ ബേലൂര്‍ മഖ്നയുടെ ലൊക്കേഷന്‍ ജനങ്ങളെ അപ്പപ്പോള്‍ അറിയിക്കാന്‍ സംവിധാനം ഒരുക്കണം. വന്യജീവി പ്രതിരോധത്തിന് പദ്ധതി സമര്‍പ്പിച്ചാല്‍ കൂടുതല്‍ തുക അനുവദിക്കുന്നത് പരിഗണിക്കും. കേരളവും തമിഴ്നാടും കര്‍ണാടകവും തമ്മിലുള്ള ഏകോപനം ഉറപ്പാക്കാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം മുന്‍കൈ എടുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

 

 

Latest News