Sunday, November 24, 2024

ജോലിതട്ടിപ്പിന് ഇരയായ നിരവധി ഇന്ത്യക്കാര്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധമേഖലയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്

ജോലിതട്ടിപ്പിന് ഇരയായ നിരവധി ഇന്ത്യക്കാര്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധമേഖലയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. റഷ്യയില്‍ സെക്യൂരിറ്റി ജോലിയെന്ന വ്യാജവാഗ്ദാനം വിശ്വസിച്ചു പോയവരാണ് കുടുങ്ങിയത്. കര്‍ണാടക,തെലങ്കാന,ഗുജറാത്ത്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവാക്കള്‍ക്കാണ് ദുരിതം.

റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയില്‍ ചേര്‍ന്നു യുക്രെയ്ന് എതിരായ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യക്കാരായ യുവാക്കളെ നിര്‍ബന്ധിക്കുന്നതായാണ് വിവരം. എങ്ങനെയെങ്കിലും നാട്ടിലേക്കു തിരിച്ചെത്തിക്കണമെന്നു യുവാക്കള്‍ വിഡിയോ സന്ദേശമയച്ചു. തുടര്‍ന്നു യുവാക്കളുടെ കുടുംബങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിനു കത്തു നല്‍കി. തൊഴില്‍ തട്ടിപ്പിന് ഇരയായാണ് റഷ്യയില്‍ എത്തിയതെന്നു യുവാക്കള്‍ പറഞ്ഞു.

ഹൈടെക് തട്ടിപ്പിന്റെ ഇരകളാണെന്നും തങ്ങളെ രക്ഷിക്കണമെന്നും കുടുംബത്തിന് അയച്ച വിഡിയോയില്‍ തെലങ്കാന സ്വദേശി മുഹമ്മദ് സുഫിയാന്‍ അഭ്യര്‍ഥിച്ചു. സൈനിക വേഷത്തിലായിരുന്നു സുഫിയാന്‍. ആര്‍മി സെക്യൂരിറ്റി ഹെല്‍പേഴ്സ് എന്ന ജോലി വാഗ്ദാനം ചെയ്ത് 2023 ഡിസംബറിലാണു റിക്രൂട്ടിങ് ഏജന്‍സി തങ്ങളെ റഷ്യയിലേക്ക് അയച്ചതെന്നു യുവാക്കള്‍ പറയുന്നു. ദുബായില്‍ 30,000 40,000 രൂപ ശമ്പളമുണ്ടായിരുന്ന യുവാക്കള്‍ക്കു 2 ലക്ഷം വരെ വാഗ്ദാനം ചെയ്താണു റഷ്യയിലേക്ക് അയച്ചത്.

ജോലിക്കായി ഓരോരുത്തരില്‍നിന്നും റിക്രൂട്ടിങ് ഏജന്റുമാര്‍ 3.5 ലക്ഷം വീതം വാങ്ങിയെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു. അറുപതിലേറെ ഇന്ത്യന്‍ യുവാക്കളെ സമ്മതമില്ലാതെ റഷ്യയില്‍ സ്വകാര്യസേനയുടെ ഭാഗമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. റഷ്യന്‍ ഭാഷയിലുള്ള കരാറില്‍ ഇവരെക്കൊണ്ട് ഒപ്പിടീച്ചാണു സമ്മതം വാങ്ങിയത്. യുട്യൂബ് ചാനല്‍ നടത്തുന്ന മഹാരാഷ്ട്ര സ്വദേശിയാണു യുവാക്കളെ തെറ്റിദ്ധരിപ്പിച്ചതെന്നാണു സൂചന.

 

Latest News