ഗാസയെ നെടുകെ പിളര്‍ക്കുന്ന റോഡ് നിര്‍മിച്ചതായ വാര്‍ത്തകള്‍ ഇസ്രയേല്‍ സ്ഥിരീകരിച്ചു. ഗാസ മുനമ്പിന്റെ കിഴക്കുനിന്ന് പടിഞ്ഞാറേക്കാണ് റോഡ് നിര്‍മിച്ചത്. സൈനികരെയും യുദ്ധസാമഗ്രികളെയും യുദ്ധമേഖലയിലേക്ക് എത്തിക്കാനാണ് റോഡ് നിര്‍മിച്ചതെന്നും ഇസ്രായേല്‍ പറഞ്ഞു.
ഇസ്രായേല്‍ ആക്രമണം തുടരുന്ന മധ്യ, തെക്കന്‍ ഗാസയില്‍ വെള്ളി വൈകിട്ടുവരെയുള്ള 24 മണിക്കൂറില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രിയില്‍നിന്ന് കഴിഞ്ഞ ദിവസം പിന്മാറിയിരുന്ന ഇസ്രായേല്‍ സൈന്യം വീണ്ടും അതിനുള്ളില്‍ കടന്നുകയറി. ബോംബാക്രമണത്തില്‍ റെഡ് ക്രെസന്റ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു.
റാഫയിലേക്കും കരയാക്രമണം നടത്തുമെന്ന ഇസ്രായേല്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ആക്രമണത്തിന് അയവ് വരുത്താനുള്ള ചര്‍ച്ചകള്‍ കെയ്റോയില്‍ പുരോഗമിക്കുന്നു. ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഫലസൂചനകള്‍ നല്‍കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം, ഇസ്രയേലിനെതിരായ വാദം കേള്‍ക്കല്‍ അന്താരാഷ്ട്ര കോടതിയില്‍ പുരോഗമിക്കുകയാണ്.
അപകടകരവും അത്യന്തം അനാരോഗ്യകരവുമായ സാഹചര്യമാണ് ഗാസയിലേതെന്ന് യുഎന്‍ പറഞ്ഞു. ഉടന്‍ മുനമ്പില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും കഴിഞ്ഞയാഴ്ച ഗാസ സന്ദര്‍ശിച്ച മധ്യപൗരസ്ത്യദേശത്തെ യുഎന്‍ ദൂതന്‍ തോര്‍ വെന്നെസ്ലാന്‍ഡ് പറഞ്ഞു. മുനമ്പിലെ 23 ലക്ഷം ജനങ്ങളില്‍ ഇരുപത് ലക്ഷവും കടുത്ത പട്ടിണിയിലാണ്.