Tuesday, November 26, 2024

അലക്‌സി നവാല്‍നിയുടെ രഹസ്യ സംസ്‌കാരത്തിന് അന്ത്യശാസനം;ആരോപണം ഉന്നയിച്ച് അനുയായികള്‍

ജയിലില്‍ മരിച്ച റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയുടെ മൃതദേഹം രഹസ്യമായി സംസ്‌കാരം നടത്തിയില്ലെങ്കില്‍ ജയില്‍ കോളനിയുടെ മൈതാനത്ത് തന്നെ അടക്കം ചെയ്യുമെന്ന് റഷ്യന്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയതായി നവാല്‍നിയുടെ വക്താവ് കിര യര്‍മിഷ്. തീരുമാനമെടുക്കാന്‍ മൂന്ന് മണിക്കൂര്‍ സമയം, അല്ലാത്ത പക്ഷം ജയിലിനടുത്തുള്ള മൈതാനത്ത് അലക്സിയെ അടക്കം ചെയ്യുമെന്നായിരുന്നു ഫോണില്‍ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്റെ ഭീഷണി.

നവാല്‍നിയുടെ മൃതദേഹം രഹസ്യമായി സംസ്‌കരിക്കുന്നതിന് അധികൃതര്‍ സമ്മര്‍ദം ചെലുത്തുന്നതായി നവാല്‍നിയുടെ മാതാവ് ല്യൂഡ്മില നവാല്‍നയ സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ട വിഡിയോയില്‍ വെളിപ്പെടുത്തിയിരുന്നു.

പുടിന്റെ കടുത്ത വിമര്‍ശകനും പ്രതിപക്ഷനേതാവുമായ അലക്സി നവാല്‍നി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ മരിച്ചത്. മോസ്‌കോയില്‍നിന്ന് ഏകദേശം 230 കിലോമീറ്റര്‍ കിഴക്ക് വ്ളാദിമിര്‍ മേഖലയിലെ മെലെഖോവോ പട്ടണത്തിലെ പീനല്‍ കോളനി നമ്പര്‍ 6 അതീവ സുരക്ഷാ ജയിലില്‍ തടവിലായിരുന്ന നവാല്‍നി നടന്നുകഴിഞ്ഞ് എത്തിയപ്പോള്‍ അസ്വാസ്ഥ്യം അനുഭവപ്പെടുകയും ബോധം മറയുകയുമായിരുന്നെന്നാണ് മരണത്തിനു കാരണമായി ജയിലധികൃതര്‍ നല്‍കിയ വിശദീകരണം. മകന്റെ മൃതദേഹം വിട്ടുനല്‍കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ല്യൂഡ്മില റഷ്യന്‍ കോടതിയെ സമീപിച്ചിരുന്നു. മാര്‍ച്ച് 4നാണ് ഇതുസംബന്ധിച്ച വാദം കോടതി വാദം കേള്‍ക്കുന്നത്.

 

Latest News