ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയെ വിവാഹം കഴിക്കാനായി സിറി യയിലേക്കുപോയ ഷമീമ ബീഗത്തിന്റെ (24) പൗരത്വം റദ്ദാക്കിയ ബ്രീട്ടിഷ് സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്തു സമര്‍പ്പിച്ച അപ്പീല്‍ യുകെ കോടതി തള്ളി. രാജ്യസുരക്ഷയുടെ പശ്ചാത്തലമുള്ളതിനാല്‍ സര്‍ക്കാര്‍ തീരുമാനം ക്രൂരമാണോ എന്നതില്‍ തീര്‍പ്പുകല്പിക്കാന്‍ കോടതിക്കു കഴിയില്ലെന്ന് ജഡ്ജിമാര്‍ പറഞ്ഞതായും അസ്സോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ടു ചെയ്തു.
2015 ഫെബ്രുവരിയിലാണ് ഷമീമ ലണ്ടനില്‍ നിന്ന് സിറിയയിലേക്കു പോയത്. അന്ന് 15 വയസ്സുണ്ടായിരുന്ന ഷമീമ മറ്റു രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഐഎസ് തീവ്രവാദികളെ വിവാഹം കഴിക്കാനായി സിറിയയിലേക്കു കടന്നത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ സ്വയം പ്രഖ്യാപിച്ച കാലിഫേറ്റിലേക്കു ഓണ്‍ലൈനായി ആളുകളെ റിക്രൂട്ട് ചെയ്തിരുന്ന സമയമായിരുന്നു അത്. ഐഎസിനുവേണ്ടി പോരാടിയിരുന്ന ഡച്ചുകാരനെ വിവാഹം കഴിക്കുകയും മൂന്നുകുട്ടികള്‍ക്കു ജന്മം നല്കുകയും ചെയ്തുവെങ്കിലും ഷമീമയുടെ കുട്ടികള്‍ മരിച്ചുപോയിരുന്നു.
2019 ല്‍ സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ ഷമീമയെ കണ്ടെത്തിയപ്പോള്‍ തന്നെ ബ്രിട്ടീഷ് ഗവണ്‍മെന്റ് അവളുടെ പൗരത്വം റദ്ദാക്കിയിരുന്നു. രാജ്യസുരക്ഷയുടെ പേരില്‍ പൗരത്വം നഷ്ടപ്പെട്ടവരുടെ പരാതികള്‍ പരിഗണിക്കുന്ന, സ്‌പെഷ്യല്‍ ഇമിഗ്രേഷന്‍ അപ്പീല്‍ കമ്മീഷനില്‍ അവര്‍ നല്കിയ അപ്പീല്‍ കഴിഞ്ഞവര്‍ഷം തള്ളിയിരുന്നു.
മറ്റുള്ളവരാല്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ടാകാമെങ്കിലും, ഐഎസ് തീവ്രവാദികളോടുകൂടെ ചേരാനുള്ള തീരുമാനം അവര്‍ സ്വന്തമായി ചിന്തിച്ചുറപ്പിച്ച് എടുത്തതാണ് എന്ന് നീരീക്ഷിച്ച കോടതി ഐകകണ്ഠമായി അപ്പീല്‍ തള്ളുകയായിരുന്നു.
ഷെമീമയ്‌ക്കെതിരെ ഗവണ്‍മെന്റ് സ്വീകരിച്ച നടപടി കഠിനമാണെന്നോ, അവരുടെ ഈ അവസ്ഥ അവര്‍ സ്വയം വരുത്തിവച്ച വിനയാണെന്നോ വിധിക്കേണ്ടത് കോടതിയുടെ ചുമതലയല്ല എന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് സ്യു കാര്‍, നിയമാനുസൃതമായാണോ ഷെമീമയുടെ പൗരത്വം റദ്ദാക്കിയത് എന്നതു മാത്രമാണ് കോടതി പരിഗണിച്ചത് എന്നു ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റ് നടപടി നിയമാനുസൃതമായിരുന്നു, അതുകൊണ്ടാണ് ഷെമീമയുടെ അപ്പീല്‍ കോടതി തള്ളിയതെന്നും അവര്‍ പറഞ്ഞു.
സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാനാണ് തീരുമാനമെന്ന് ഷമീമയുടെ അഭിഭാഷകന്‍ പറഞ്ഞു. നീതിലഭിക്കും വരെ കോടതിയിലുള്ള പോരാട്ടം തുടരാനാണ് തങ്ങളുടെ തീരുമാനമെന്ന് അഭിഭാഷകനായ ഡാനിയേല്‍ ഫര്‍ണെര്‍ പറഞ്ഞു. 2019 മുതല്‍ സിറിയയിലെ അഭയാര്‍ഥിക്യാമ്പില്‍ കഴിയുകയാണ് ഷെമീമ.