ന്യൂയോര്‍ക്കില്‍ അജ്ഞാതനായ അക്രമി നടത്തിയ വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്ക്. ബ്രോക്ലിന്‍ സബ്വേ മെട്രോ സ്റ്റേഷനില്‍ നടന്ന വെടിവെപ്പില്‍ 13 യാത്രക്കാര്‍ക്ക് പരിക്കേറ്റു. രാവിലെ ന്യൂയോര്‍ക്ക് പ്രാദേശിക സമയം 8.30-ഓടെയായിരുന്നു വെടിവെപ്പ് നടന്നത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. തിരക്കേറിയ സമയത്ത് ആള്‍ക്കൂട്ടത്തിന് നടുവിലേയ്ക്ക് മുഖംമൂടി ധരിച്ചെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
ഓറഞ്ചു നിറത്തിലുള്ള കണ്‍സ്ട്രക്ഷന്‍ വെസ്റ്റും ഗ്യാസ് മാസ്കും ധരിച്ചാണ് അക്രമി എത്തിയത്. ആക്രമണത്തിന് പിന്നിലെ കാരണവും വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഇയാളെ പിടികൂടാനായിട്ടില്ല. എങ്കിലും ഇയാള്‍ പ്രദേശവാസി തന്നെയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. സംഭവ സ്ഥലത്ത് നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഭീകരാക്രമണമാണോ എന്ന് സംശയമുണ്ട്. വെടിവയ്പ്പുണ്ടായതോടെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചു.
ന്യൂയോര്‍ക്ക് പോലീസ് ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. എടി എ ഫും എച്ച് എസ് ഐയും പോലെ ഉള്ള ഫെഡറല്‍ അന്വേഷകരും രംഗത്തുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല എന്ന് നഗരത്തിലെ സബ്വേ പ്രവര്‍ത്തിപ്പിക്കുന്ന മെട്രോപൊളിറ്റന്‍ ട്രാന്സ്പോര്ട്ടേഷന് അതോറിറ്റി അറിയിച്ചു.