Tuesday, November 26, 2024

അലക്‌സി നവാല്‍നിയുടെ മൃതദേഹം അമ്മയ്ക്ക് കൈമാറി

വ്‌ലാടിമിര്‍ പുടിന്‍ വിമര്‍ശകന്‍ അലക്സി നവാല്‍നിയുടെ മൃതദേഹം അമ്മയ്ക്ക് കൈമാറിയതായി അദ്ദേഹത്തിന്റെ വക്താവ്. അദ്ദേഹം മരിച്ച് ഒരാഴ്ചയ്ക്ക് ശേഷം മൃതദേഹം കൈമാറിയതായി വക്താവ് അറിയിച്ചു. നവാല്‍നിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കണമെന്ന് നിരവധിപ്പേര്‍ ആവശ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വക്താവ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

‘അലക്സിയുടെ മൃതദേഹം അമ്മയ്ക്ക് കൈമാറി. ഞങ്ങളോടൊപ്പം ഈ ആവശ്യം ഉന്നയിച്ച എല്ലാവര്‍ക്കും വളരെയധികം നന്ദി,’ നവാല്‍നിയുടെ വക്താവ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഫെബ്രുവരി 16-ന് വടക്കന്‍ സൈബീരിയയിലെ റഷ്യന്‍ ജയിലില്‍ വെച്ചാണ് അലക്സി നവാല്‍നി അന്തരിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ അലക്‌സി നവാല്‍നി ഈ ജയിലില്‍ 19 വര്‍ഷത്തെ തടവ് അനുഭവിക്കുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി അലക്സി നവാല്‍നിയുടെ മൃതദേഹം അദ്ദേഹത്തിന്റെ അമ്മയ്ക്ക് വിട്ടുനല്‍കാന്‍ റഷ്യന്‍ അധികൃതര്‍ വിസമ്മതിച്ചിരുന്നു. രഹസ്യമായി ശവസംസ്‌കാരം നടത്തുന്നതിന് അമ്മ സമ്മതിച്ചില്ലെങ്കില്‍ ജയില്‍ ഗ്രൗണ്ടില്‍ തന്നെ അടക്കം ചെയ്യുമെന്ന് പ്രാദേശിക അന്വേഷകര്‍ ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് മൃതദേഹം ലഭിക്കുന്നതിന് കേസ് ഫയല്‍ ചെയ്തതായി നവല്‍നിയുടെ സംഘം വെള്ളിയാഴ്ച പറഞ്ഞിരുന്നു.

 

Latest News