Tuesday, November 26, 2024

പൂഞ്ഞാര്‍ പള്ളി അങ്കണത്തില്‍ നടന്ന അക്രമം കേരളത്തിന് അപമാനം; കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ

കഴിഞ്ഞ ദിവസം പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ്‌.മേരീസ് ഫൊറോന പള്ളി അങ്കണത്തില്‍ നടന്ന അനിഷ്ട സംഭവം കേരള സമൂഹത്തെ ആകെ ഞെട്ടിക്കുന്നതും കേരളത്തിന്റെ അന്തരീക്ഷത്തെ തകർക്കുന്നതുമാണെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രസ്താവിച്ചു.

ദൈവാലയത്തിൽ നടന്നുകൊണ്ടിരുന്ന ആരാധനയ്ക്ക് തടസ്സം വരുത്തുന്ന തരത്തില്‍ ദൈവാലയ പരിസരത്തും പള്ളി അങ്കണത്തിലും അനധികൃതമായി പ്രവേശിച്ച്  ആരാധന അലങ്കോലപ്പെടുത്തുന്നതിനുള്ള ഹീനമായ ശ്രമങ്ങളാണ് അവിടെ നടന്നത്. ഓരോ മതവിഭാഗത്തിന്റെയും ആരാധനാലയങ്ങളോടും അവിടെ നടക്കുന്ന ആരാധനകളോടും നമ്മുടെ പൊതുസമൂഹം എപ്പോഴും പുലര്‍ത്തുന്ന  അന്തസ്സുറ്റ  നിലപാടുകളെ പരിപൂര്‍ണ്ണമായി അവഹേളിച്ചുകൊണ്ടുള്ള പ്രവൃത്തിയാണ് അവിടെ നടന്നത്.

ഇത് അപലപിക്കപ്പെടേണ്ടതും കുറ്റക്കാര്‍ ശിക്ഷിയ്ക്കപ്പെടേണ്ടതുമായ പ്രവൃത്തിയാണ്.  ആരാധനയെ തടസപ്പെടുത്തുവാൻ പാടില്ലായെന്ന് സൗമ്യമായി പറഞ്ഞ  വൈദികനെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ നടത്തിയ ശ്രമം ഏറ്റം കുറ്റകരമായ ഭീകരപ്രവര്‍ത്തനമായിത്തന്നെ നാം കാണേണ്ടതുണ്ട്. കേരളത്തിന്റെ മത സന്തുലിതാവസ്ഥയെ പരിപൂര്‍ണ്ണമായി നശിപ്പിക്കുന്ന ഇത്തരത്തിലുള്ള  കുത്സിത ശ്രമങ്ങളെ പൊതുസമൂഹം ഒന്നാകെയാണ് നേരിടേണ്ടതും ചെറുക്കേണ്ടതും. സമാധാനപരമായി ജീവിക്കുന്നവരെ പ്രകോപിപ്പിക്കുകയും കായിക ബലത്തിലൂടെ എല്ലാം കീഴടക്കാം എന്ന് കരുതുകയും ചെയ്യുന്ന നിലപാട് നമ്മുടെ പൊതുസമൂഹത്തെ തകർക്കുകയും സമുദായങ്ങൾ തമ്മിൽ സ്പർധയും വിദ്വേഷവും വർദ്ധിപ്പിക്കുകയും ചെയ്യും എന്നത് ഏവരും ഓർത്തിരിക്കേണ്ടതാണ്. സമാധാനമാണ് ദൈവമാർഗ്ഗം.

കുറ്റക്കാരായവരെ എത്രയും വേഗം  നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടതും മാതൃകാപരമായി  ശിക്ഷിക്കേണ്ടതും സര്‍ക്കാരിന്റെ  ഉത്തരവാദിത്വമാണ്. ദൈവത്തിന്റെ സ്വന്തം നാട് പിന്തുടരുന്ന സമുദായിക ബന്ധങ്ങള്‍, സമുദായ അംഗങ്ങള്‍ക്കിടയിലുള്ള അര്‍ത്ഥവത്തായ ബന്ധങ്ങള്‍ ഇവ തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികളെ നാം ഒരുമിച്ച് അപലപിക്കേണ്ടതും ഒറ്റപ്പെടുത്തേണ്ടതുമാണ്. സംഭവം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അതർഹിക്കുന്ന ഗൗരവത്തിൽ നടപടികളെടുത്ത കേരളാ സർക്കാരിന് നന്ദി പറയുന്നു.

ദൈവാലയമുറ്റത്ത് കയറി നടത്തിയ ഈ ആക്രമണത്തിലും സമുദായ സൗഹാർദം  തകർക്കാനുള്ള ഗൂഢമായ ശ്രമങ്ങളിലും കേരള കത്തോലിക്കാ സഭക്കുള്ള  അതീവമായ ഉത്കണ്ഠയും പ്രതിഷേധവും ബന്ധപ്പെട്ടവരെ അറിയിക്കുന്നു. ഗവണ്‍മെന്റ് ഏറ്റം സത്വരമായി ഇക്കാര്യത്തില്‍ ഇടപെട്ട് കുറ്റക്കാർക്ക് അർഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്ന്  ആവശ്യപ്പെടുന്നു. പൂഞ്ഞാര്‍ ഇടവകയും പാലാ രൂപതയും ഈ വിഷയത്തില്‍ പ്രകടിപ്പിച്ച വലിയ സംയമനത്തിന്റെയും പരസ്പര ബന്ധത്തിന്റെയും മാതൃകാപരമായ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണെന്ന് ബാവാ കൂട്ടിച്ചേർത്തു.

Latest News