ജില്ലയിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജില്ലാ തല കമാന്‍ഡ് കണ്ട്രോള് സെന്റര്‍ രൂപീകരിച്ച് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഫെബ്രുവരി 15 ന് ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് കമാന്‍ഡ് കണ്ട്രോള് സെന്റര്‍ രൂപീകരിച്ചത്.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് വനം, റവന്യൂ, ഫോറസ്റ്റ്, പോലീസ്, തദ്ദേശ സ്വയംഭരണ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പുകളുടെ സഹകരണത്തോടെയാണ് ജില്ലാ തലത്തില്‍ കമാന്‍ഡ് കണ്ട്രോള് സെന്റര്‍ പ്രവര്‍ത്തിക്കുക. ആക്രമണവുമായി ബന്ധപ്പെട്ട അപ്രതീക്ഷിതവും വെല്ലുവിളി നിറഞ്ഞതുമായ സാഹചര്യങ്ങള്‍ നേരിടുകയാണ് സെന്റര്‍ മുഖേന ലക്ഷ്യമിടുന്നത്.
കളക്ടറേറ്റില്‍ ജില്ലാ അടിയന്തിര കാര്യനിര്‍വഹണ കേന്ദ്രത്തില്‍ താല്കാലിക സൗകര്യത്തിലാണ് കമാന്‍ഡ് കണ്ട്രോള് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണവും വന്യജീവി ആശങ്കകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള പ്രധാന കേന്ദ്രമായി കമാന്‍ഡ് കണ്ട്രോള് സെന്റര്‍ പ്രവര്‍ത്തിക്കും.
കമാന്‍ഡ് കണ്ട്രോള് കേന്ദ്രത്തിന്റെ ഏകോപനം ചുമതലുള്ള വകുപ്പ് ജീവനക്കാര്‍ ഫലപ്രദമായ ഏകോപനം, അന്തര്‍ സംസ്ഥാന ആശയ വിനിമയം, അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യല്‍, വിവരം കൈമാറല്‍, വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, മീഡിയ മാനേജ്മെന്റ്, വനം വകുപ്പില്‍ നിന്നുള്ള തത്സമയ അപ്ഡേറ്റുകള്, പൊതു അന്വേഷണങ്ങള്‍, അന്തര്‍ സംസ്ഥാന ഏജന്‍സികളുമായി ബന്ധപ്പെടല്‍ എന്നിവയ്ക്കുള്ള ഒരു പ്ലാറ്റ്ഫോമായി പ്രവര്‍ത്തിക്കും.
സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസര്‍ ആന്‍ഡ് സിസിഎഫ് കെ വിജയാനന്ദന് ഐഎഫ്എസ് കമാന്‍ഡ് കണ്ട്രോള് സെന്ററിന്റെ പൂര്‍ണ്ണ ചുമതല വഹിക്കും. മാര്‍ച്ച് 31-നകം വനം വകുപ്പ് പൂര്‍ണ്ണ സൗകര്യങ്ങളോടെ കമാന്‍ഡ് കണ്ട്രോള് സെന്റര്‍ രൂപീകരിക്കാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ബന്ധപ്പെട്ട വകുപ്പ് മേലധികാരികള്‍ കമാന്‍ഡ് കണ്ട്രോള് സെന്ററിലേക്ക് ആവശ്യമായ ജീവനക്കാരെ നിയോഗിക്കണം. വനം വകുപ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ (ഒരു സമയം ഒരു ജീവനക്കാരന്) റൊട്ടേഷന്‍ വ്യവസ്ഥയില്‍ നിയോഗിക്കണം.
തദ്ദേശ സ്വയം ഭരണം, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അടിയന്തര ഘട്ടങ്ങളില്‍ ആവശ്യാനുസരണം ജീവനക്കാരെ നിയോഗിക്കണം. പോലിസ്, റവന്യൂ വകുപ്പുകളില്‍ ജില്ലാ അടിയന്തര കാര്യനിര്‍വ്വഹണ വിഭാഗത്തില്‍ നിയോഗിക്കപ്പെടുന്നവര്‍ കണ്ട്രോള് കേന്ദ്രത്തിലും പ്രവര്‍ത്തിക്കണം. കണ്ട്രോള് സെന്ററില്‍ ലഭിക്കുന്ന എല്ലാ കോളുകളും രജിസ്റ്റര്‍ ചെയ്ത് മുന്‍ഗണനാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കും. ചുവപ്പ്,മഞ്ഞ, പച്ച എന്നീ ക്രമത്തില്‍ മുന്‍ഗണനാ പട്ടിക പരസ്യപ്പെടുത്തും. 04936-204151, 9526804151 നമ്പറുകള്‍ കമാന്‍ഡ് കണ്ട്രോള് സെന്ററില്‍ പ്രവര്‍ത്തിക്കും.