ഹമാസിനെതിരേയുള്ള പോരാട്ടം തുടരുന്നതിനിടെ ഇസ്രായേലിന്റെ സമ്പദ് വ്യവസ്ഥയില്‍ 20 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. ചരിത്രത്തില്‍ ആദ്യമായാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഇത്രയധികം ഇടിവ് രേഖപ്പെടുത്തുന്നത്. യുദ്ധത്തെത്തുടര്‍ന്ന് ബിസിനസുകള്‍ സ്തംഭിച്ചതും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതും കൂടുതല്‍ ആളുകളെ കരുതല്‍ സേനാംഗമായി വിളിച്ചതുമാണ് ഇതിന് കാരണം.
ഫെബ്രുവരി 20-ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആദ്യമായി ത്രൈമാസ ഇടിവ് രേഖപ്പെടുത്തി. 2023-ലെ അവസാന മൂന്ന് മാസങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വാര്‍ഷിക ജിഡിപി 19.4 ശതമാനം ഇടിഞ്ഞു. ബ്ലൂംബെര്‍ഗിലെ വിശകലവിദഗ്ധര്‍ നേരത്തെ പുറത്തുവിട്ട സര്‍വേയിലെ കണക്കുകളേക്കാള്‍ മോശം പ്രകടനമായിരുന്നു അത്. 10.5 ശതമാനം ഇടിവാണ് അവര്‍ പ്രവചിച്ചിരുന്നത്.
കണക്കുകള്‍ പുറത്ത് വന്നതോടെ ഇസ്രായേല്‍ കറന്‍സിയുടെ മൂല്യത്തില്‍ 0.4 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. അതേസമയം, ടെല്‍ അവീവ് ഓഹരി വിപണി 35 സൂചിക നേട്ടമുണ്ടാക്കി. യുദ്ധം ആരംഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സമ്പദ് വ്യവസ്ഥ ഇടിഞ്ഞെങ്കിലും കഴിഞ്ഞ വര്‍ഷത്തെ മുഴുവന്‍ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ജിഡിപിയില്‍ രണ്ട് ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ബാങ്കിന്റെ ഗവേഷണവിഭാഗത്തിന്റെ പ്രവചനത്തിന് സമാനമാണിത്. 2024-ലും സമ്പദ്വ്യവസ്ഥ രണ്ട് ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ബാങ്ക് പ്രവചിച്ചിട്ടുണ്ട്. അതേസമയം, ധനകാര്യമന്ത്രാലയം കണക്കാക്കുന്ന വളര്‍ച്ചാ നിരക്ക് 1.6 ശതമാനമാണ്.