വടക്കന്‍ ബുര്‍ക്കിന ഫാസോയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെ കത്തോലിക്കാ ദേവാലയത്തിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്കു പരിക്കേറ്റു. ഫെബ്രുവരി 25 ന് ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്കായി ഒത്തുകൂടിയിരിക്കെ എസ്സാകനെ ഗ്രാമത്തിലെ കത്തോലിക്കാ സമൂഹത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തില്‍ 12 പേര് സംഭവ സ്ഥലത്തും മൂന്നുപേര്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയുമാണ് മരിച്ചത് എന്ന് ഡോറി ബിഷപ്പ് ലോറന്റ് ബിഫ്യൂറെ ഡാബിര് വെളിപ്പെടുത്തി. ‘ഈ വേദനാജനകമായ സാഹചര്യങ്ങളില്‍, വിശ്വാസത്തില്‍ മരിച്ചവരുടെ നിത്യശാന്തിക്കായിയും മുറിവേറ്റവരുടെ സൗഖ്യത്തിനും വേദനിക്കുന്ന ഹൃദയങ്ങളുടെ സാന്ത്വനത്തിനു വേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുന്നു,’ ഡോറി ബിഷപ്പ് അഭ്യര്‍ത്ഥിച്ചു. ഒപ്പം പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് മരണവും നാശവും വിതയ്ക്കുന്നത് തുടരുന്നവരുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കാനും ബിഷപ്പ് ആഹ്വാനം ചെയ്തു.
ബുര്‍ക്കിന ഫാസോ വിശാലമായ സഹേല്‍ പ്രദേശത്തിന്റെ ഭാഗമാണ്. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ പേരില്‍ ആരോപിക്കപ്പെടുന്ന ക്രൂരതകളില്‍ ഏറ്റവും പുതിയത് മാത്രമാണ് ഈ ആക്രമണം. ദേവാലയങ്ങള്‍ക്കും പുരോഹിതന്മാര്ക്കും വിശ്വാസികള്‍ക്കും നേരെയുള്ള തീവ്രാവദി ആക്രമണങ്ങള്‍ ഈ മേഖലയില്‍ വര്‍ധിച്ചു വരികയാണ്. 2011-ല്‍ ലിബിയയുടെ ആഭ്യന്തരയുദ്ധത്തിനുശേഷം ഇവിടെ തീവ്രവാദി ആക്രമണങ്ങള്‍ രൂക്ഷമായി. 2015 മുതല്‍ ജിഹാദിസ്റ്റ് കലാപം ബുര്‍ക്കിന ഫാസോയിലേക്കും നൈജറിലേക്കും വ്യാപിച്ചിരുന്നു.