രുചികരമായ ഊണ് തേടി അലയേണ്ട. ഒറ്റ ക്ലിക്കില്‍ ഊണ് പാഴ്സലായി മുന്നിലെത്തും. കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ പദ്ധതിവഴിയാണിത്.
ഇതിനായി ‘പോക്കറ്റ് മാര്‍ട്ട്’ എന്ന ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ മതി. ആദ്യം തിരുവനന്തപുരത്താണ് പദ്ധതി നടപ്പാക്കുന്നത്. മാര്‍ച്ച് അഞ്ചിന് ചൈത്രത്തില്‍ മന്ത്രി എം ബി രാജേഷ് ‘ലഞ്ച് ബെല്‍’ ഉദ്ഘാടനംചെയ്യും. ഊണ് ഒരുക്കുന്നതിനായി ശ്രീകാര്യത്ത് ക്ലൗഡ് കിച്ചണ്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആദ്യദിനം മുതല്‍ അഞ്ഞൂറുപേര്‍ക്കുള്ള ഊണാണ് തയ്യാറാക്കുന്നത്. ആദ്യഘട്ടത്തില്‍ ഓഫീസുകളിലുള്ളവര്‍ക്കും വിവിധ സ്ഥാപനങ്ങളിലുള്ളവര്‍ക്കും ‘പോക്കറ്റ് മാര്‍ട്ട്’ ആപ് വഴി ഊണ് ബുക്കുചെയ്യാം.
സ്റ്റീല്‍ ലഞ്ച് ബോക്സിലാക്കി ഊണ് എത്തിക്കുന്നതിന് എട്ട് വനിതകള്‍ തയ്യാറാണ്. ഇവര്‍ ഇരുചക്രവാഹനങ്ങളില്‍ പകല്‍ 12ന് ഓഫീസില്‍ ഊണ് എത്തിക്കുകയും രണ്ടോടെ പാത്രങ്ങള്‍ തിരികെ വാങ്ങുകയും ചെയ്യും.