Monday, November 25, 2024

ലോകത്തിലെ ഏറ്റവും വലിയ വേദിക് ക്ലോക്ക് മദ്ധ്യപ്രദേശിലെ ഉജ്ജയിനിയില്‍ സ്ഥാപിച്ചു; ഉദ്ഘാടനം അടുത്ത മാസം ഒന്നിന്

ലോകത്തിലെ ഏറ്റവും വലിയ വേദിക് ക്ലോക്ക് മദ്ധ്യപ്രദേശിലെ ഉജ്ജയിനിയില്‍ സ്ഥാപിച്ചു. അടുത്ത മാസം ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ലോക്ക് ഉദ്ഘാടനം ചെയ്യും. വെര്‍ച്വലായി ആണ് പ്രധാനമന്ത്രി വേദിക് ക്ലോക്ക് നാടിന് സമര്‍പ്പിക്കുക.

പുരാതന ഇന്ത്യയുടെ പരമ്പര്യമായ പഞ്ചാംഗത്തിന്റെ അടിസ്ഥാനത്തില്‍ സമയം പ്രദര്‍ശിപ്പിക്കുന്ന വേദിക് ക്ലോക്ക് നഗരത്തിലെ ജന്ദര്‍ മന്ദറില്‍ നിര്‍മ്മിച്ച 85 അടി ഉയരമുള്ള ടവറിലാണ് സ്ഥാപിച്ചിരിക്കുന്നത്. വേദിക് ഹിന്ദു പഞ്ചാംഗം, ഗ്രഹ നില, മുഹൂര്‍ത്തങ്ങള്‍, ജ്യോതിഷ ഫലങ്ങള്‍, പ്രവചനങ്ങള്‍ എന്നിവ ക്ലോക്കില്‍ പ്രദര്‍ശിപ്പിക്കും. ഒരു സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെ അടിസ്ഥാനമാക്കിയായിരിക്കും ക്ലോക്ക് സമയം നിശ്ചയിക്കുക. ക്ലോക്കിന്റെ ഇരുവശത്തും 12 രാശിചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതിനോടൊപ്പം കലണ്ടറായും ക്ലോക്ക് പ്രവര്‍ത്തിക്കും. ഹിന്ദു മുഹൂര്‍ത്തങ്ങള്‍, വേദ ജ്യോതിഷത്തിലെ ഒമ്പത് ഗ്രഹങ്ങള്‍ എന്നിവയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളാണ് ക്ലോക്ക് പ്രദര്‍ശിപ്പിക്കുക.

‘ഉജ്ജയിനിയില്‍ നിര്‍മ്മിച്ച 85 അടി ടവറില്‍ ലോകത്തിലെ ആദ്യത്തെ വേദിക് ക്ലോക്ക് സ്ഥാപിച്ചു. ഒരു സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെയായിരിക്കും ക്ലോക്ക് സമയം കണക്ക് കൂട്ടുക. ഈ രണ്ട് സൂര്യോദയങ്ങള്‍ക്ക് ഇടയിലുള്ള സമയത്തെ 30 ഭാഗങ്ങളാക്കി തിരിക്കും. ഇത് അനുസരിച്ച് ഒരാളുടെ ഒരു മണിക്കൂര്‍ എന്നത് 48 മിനിറ്റ് ആയിരിക്കും. 0.00 എന്നതില്‍ നിന്നും തുടങ്ങി അടുത്ത സൂര്യോദയം വരെ 48 മിനിറ്റുകളുള്ള 30 മണിക്കൂറുകള്‍ ആയിരിക്കും ഉണ്ടായിരിക്കുക. ഹിന്ദു പഞ്ചാംഗത്തിന്റെ അടിസ്ഥാനത്തില്‍ 30 മുഹൂര്‍ത്തങ്ങള്‍, തിഥികള്‍ എന്നിവയും ക്ലോക്ക് പ്രദര്‍ശിപ്പിക്കും’- ക്ലോക്ക് വികസിപ്പിച്ചെടുത്ത സംഘത്തിലെ ശിശിര്‍ ഗുപ്ത വ്യക്തമാക്കി.

 

Latest News