ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ നല്‍കണമെന്ന ആവശ്യത്തില്‍ സുപ്രീംകോടതിയുടെ അന്ത്യശാസനം. സ്ത്രീകളെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്നും നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ തങ്ങളത് നടപ്പാക്കുമെന്നും കോടതി പറഞ്ഞു. സാങ്കേതികത പറഞ്ഞുള്ള വാദങ്ങള്‍ 2024-ലും നിലനില്‍ക്കില്ലെന്നും വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിരം കമ്മീഷന്‍ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കേന്ദ്രത്തിന് വേണ്ടി വാദിച്ച അറ്റോണി ജനറല്‍ ആര്‍. വെങ്കിട്ടരമണി ആവശ്യപ്പെട്ടു. കോസ്റ്റ് ഗാര്‍ഡിനോട് ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്ന് ആര്‍. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു.
മാര്‍ച്ച് ഒന്നിന് വീണ്ടും കേസില്‍ വാദം കേള്‍ക്കും. കോസ്റ്റ് ഗാര്‍ഡിലെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലുള്ള യോഗ്യരായ വനിതകള്‍ക്ക് സ്ഥിരം കമ്മിഷന്‍ പദവി നല്‍കണമെന്നാവശ്യപ്പെട്ട് പ്രിയങ്കാ ത്യാഗി എന്ന ഉദ്യോഗസ്ഥ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. നാവികസേനയടക്കം സ്ഥിരം കമ്മിഷന്‍ അനുവദിക്കുമ്പോള്‍ കോസ്റ്റ് ഗാര്‍ഡ് എന്തുകൊണ്ടാണ് പിന്നാക്കം പോകുന്നതെന്ന് നേരത്തെ കേസില്‍ വാദം കേട്ടപ്പോള്‍ സുപ്രീംകോടതി ചോദിച്ചിരുന്നു. കരസേനയില്‍നിന്നും നാവികസേനയില്‍നിന്നും വ്യത്യസ്തമാണ് കോസ്റ്റ് ഗാര്‍ഡെന്നായിരുന്നു അറ്റോണി ജനറലിന്റെ മറുപടി.
നേരത്തെ ഫെബ്രുവരി 19-ന് വാദം കേട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കോസ്റ്റ് ഗാര്‍ഡില്‍നിന്ന് എന്തുകൊണ്ടാണ് സ്ത്രീകളെ മാറ്റിനിര്‍ത്തുന്നതെന്ന് അന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. സ്ത്രീകള്‍ക്ക് അതിര്‍ത്തികള്‍ കാക്കാമെങ്കില്‍ കടല്‍തീരങ്ങളും സംരക്ഷിക്കാമെന്നും കോടതി പരാമര്‍ശിച്ചിരുന്നു. നാരീശക്തിയെക്കുറിച്ച് പറയുന്ന നിങ്ങള്‍ അത് ഇവിടെ കാണിക്കൂ എന്ന രൂക്ഷ പ്രതികരണവും കോടതി നടത്തിയിരുന്നു.