പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിപ്പരിസരത്ത് ഒരുസംഘം ആളുകള്‍ അതിക്രമിച്ചുകയറുകയും ആരാധനയ്ക്ക് തടസ്സം സൃഷ്ടിക്കുകയും വൈദികനെ ആക്രമിക്കുകയും ചെയ്ത സംഭവം കേരളത്തിന്റെ സാമൂഹിക ഐക്യത്തിനും മതസൗഹാര്‍ദത്തിനും ഏറ്റ ദൗര്‍ഭാഗ്യകരമായ ഒരു പ്രഹരമാണ്. ഈ സംഭവം വെളിപ്പെടുത്തുന്ന ചില വസ്തുതകള്‍ നാം ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്.
ആദരവിന്റെ സംസ്‌കാരം ഇല്ലാതായിക്കൊണ്ടിരിക്കുന്നു
ഏതു മതത്തില്‍ വിശ്വസിച്ചാലും ഇതരമതസ്ഥരെയും അവരുടെ ആരാധനാലയങ്ങളെയും പുരോഹിതരെയും ആദരവോടെ സമീപിക്കുന്ന മഹത്തായ സംസ്‌കാരമാണ് നമുക്കുണ്ടായിരുന്നത്. ഇതരമത വിദ്വേഷവും വര്‍ഗീയതയും വളര്‍ത്തുന്ന ശ്രമങ്ങളെ തിരുത്താനും തള്ളിപ്പറയാനും എന്നും ആത്മീയ ആചാര്യന്മാരും നേതാക്കന്മാരും സവിശേഷശ്രദ്ധ ചെലുത്തിയിരുന്നു. എന്നാല്‍ ആ മഹത്തായ സംസ്‌കാരം ഈ നാട്ടില്‍നിന്ന് അപ്രത്യക്ഷമാകുന്നു എന്ന ദുഃഖകരമായ വസ്തുത പൂഞ്ഞാര്‍ അതിക്രമങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. ആദരവിന്റെ സംസ്‌കാരം നമ്മുടെ നാട്ടില്‍നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന സത്യം പൊതുസമൂഹം തിരിച്ചറിയുകയും ഉത്തരവാദിത്വപൂര്‍വം പ്രതികരിക്കുകയുംവേണം.
തീവ്രവാദികള്‍ സമുദായങ്ങളില്‍ പിടിമുറുക്കുന്നു
ആക്രമിക്കപ്പെട്ടത് ഒരു ക്രൈസ്തവപുരോഹിതനാണ്. ആക്രമിച്ചതിന്റെപേരില്‍ ഇതുവരെ അറസ്റ്റിലായ പ്രതികളെല്ലാവരും മറ്റൊരു സമുദായത്തില്‍പെട്ടവരും. എന്നിട്ടും പ്രതികളുടെ സമുദായ ആചാര്യന്മാരോ, നേതാക്കന്മാരോ ഈ സംഭവത്തെ ശക്തമായി അപലപിക്കാനോ, ഇത്തരം തീവ്രവാദപരമായ നീക്കങ്ങളെയും അതിനു നേതൃത്വം നല്കുന്ന പ്രസ്ഥാനങ്ങളോ, വ്യക്തികളോ ഉണ്ടെങ്കില്‍ അവരെ തള്ളിപ്പറയാനോ ഇനിയും ശ്രമിച്ചിട്ടില്ല എന്നത് ഭീതികരമാണ്. മാത്രവുമല്ല 17, 18 വയസ്സു പ്രായമുള്ളവര്‍ ഉള്‍പ്പെട്ട ഒരു സംഘത്തിന്റെ ഗൗരവതരമായ കുറ്റകൃത്യങ്ങളെ നിസ്സാരവത്കരിക്കാനും രഹസ്യമാക്കിവയ്ക്കാനും കുറ്റവാളികളെ ന്യായീകരിക്കാനും പ്രതിഷേധിച്ചവരെ കേസില്‍പെടുത്താനുമാണ് പലരും തിരക്കു കൂട്ടിയത്.
മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന നിരോധിത ഭീകരസംഘടനകളുടെ പ്രവര്‍ത്തനം ഇവിടെ കണ്ടെത്തിയപ്പോഴും തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പലരും അറസ്റ്റ് ചെയ്യപ്പെട്ടിട്ടും അവര്‍ അംഗമായിരിക്കുന്ന മതത്തിന്റെയും സമുദായസംഘടനകളുടെയും നിശ്ശബ്ദത പൊതുസമൂഹത്തിനു മുമ്പില്‍ വാചാലമായി ഒട്ടേറെ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.
2019-ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രൈസ്തവ ദൈവാലയങ്ങളില്‍ 253 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണങ്ങള്‍ക്കു നേതൃത്വം നല്കിയവരുമായി നേരിട്ട് ബന്ധമുണ്ടെന്നു കണ്ടെത്തിയ, കേരളത്തില്‍ ചാവേര്‍ ആക്രമണങ്ങള്‍ക്കു പദ്ധതിയിട്ട മലയാളിയായ റിയാസ് അബൂബക്കറിന് എന്‍ ഐ എ കോടതി പത്തുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത് ഈ മാസത്തിലാണ്.
സന്യാസവസ്ത്രം ധരിച്ച് പൊതുഇടങ്ങളില്‍ സഞ്ചരിക്കാന്‍പോലും സാധിക്കാത്ത അവസ്ഥ ഇന്ത്യയില്‍ പലയിടങ്ങളിലും സംജാതമാകുന്നതും ഇത്തരം തീവ്ര വര്‍ഗീയനിലപാടുകള്‍ ഉള്ളവരുടെ, മതതീവ്രവാദികളുടെ ആസൂത്രിതമായ വ്യാജപ്രചരണങ്ങള്‍ മൂലമാണ്. മിതവാദികള്‍ നിശ്ശബ്ദരാകാന്‍ നിര്‍ബന്ധിക്കപ്പെടുകയും തീവ്രവാദികള്‍ പിടിമുറുക്കുകയും ചെയ്യുന്ന സാഹചര്യങ്ങളെ അതീവഗൗരവത്തോടെ ഓരോ മതവും സമുദായസംഘടനകളും പരിഗണിക്കേണ്ടതുണ്ട്, അത്തരം നീക്കങ്ങളെ പ്രതിരോധിക്കേണ്ടതുണ്ട്.
ഉറക്കെ ശബ്ദിക്കേണ്ടവര്‍ ഉറക്കം നടിക്കുന്നു
സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-മാധ്യമനായകന്മാരൊക്കെ ഇത്തരം സംഭവങ്ങളില്‍ പുലര്‍ത്തുന്ന നിശ്ശബ്ദത അവരുടെ സെലക്ടീവ് പ്രതികരണങ്ങളുടെ ഉദാഹരണമായി മാത്രമേ കരുതാനാകൂ. കേരളത്തിനുപുറത്ത് പ്രത്യേകിച്ച്, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ക്രൈസ്തവപീഡനങ്ങള്‍ പുറത്തുകൊണ്ടുവരികയും വര്‍ത്തയാക്കുകയും ചെയ്യുന്ന മാധ്യമധര്‍മ്മമൊന്നും കേരളത്തില്‍ നടക്കുന്ന അതിക്രമങ്ങളില്‍ കാണിക്കാത്തത്തിന്റെ രാഷ്ട്രീയമൊക്കെ പൊതുജനത്തിന് പെട്ടെന്നു മനസ്സിലാകും. ഉറക്കെ ശബ്ദിക്കേണ്ടിടത്ത് ഉറക്കംനടിക്കുന്ന പ്രവണത കാപട്യത്തിന്റേതാണ്.
സമൂഹത്തോടും രാഷ്ട്രത്തോടും സ്‌നേഹവും സാമൂഹിക ഐക്യത്തോടും ബഹുസ്വരതയും ആദരവും പുലര്‍ത്തുന്നവരാണെങ്കില്‍ ഇത്തരം ധ്രുവീകരണശ്രമങ്ങളെ കണ്ടില്ല എന്ന് നമുക്കു നടിക്കാനാവില്ല. ഇത്തരം അക്രമിസംഘങ്ങള്‍ക്കു പിന്‍ബലം നല്‍കുന്നത് ആരായാലും – ലഹരി മാഫിയയോ, മതതീവ്രവാദ സംഘടനകളോ, മറ്റേതെങ്കിലും ദേശവിരുദ്ധശക്തികളോ ആണെങ്കിലും – രാഷ്ട്രീയ-മതവ്യത്യാസം കൂടാതെ ഒറ്റക്കെട്ടായി ഇത്തരം സാമൂഹികവിപത്തുകള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രതയോടെ നിലകൊള്ളേണ്ടിയിരിക്കുന്നു.
കെ സി ബി സി മുമ്പ് പലപ്പോഴായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതുപോലെ, സത്യസന്ധവും ഗൗരവപൂര്‍ണമായ സമീപനം ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുകയും ഈ നാട്ടിലെ സാമൂഹിക ഐക്യവും മതസൗഹാര്‍ദവും കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധത പുലര്‍ത്തുകയും വേണം. വിഭാഗീയതയും വര്‍ഗീയതയും അനൈക്യവും സംഘര്‍ഷവും സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന എല്ലാ പ്രത്യയശാസ്ത്രങ്ങളെയും വിധ്വംസക പ്രവര്‍ത്തനങ്ങളെയും നമ്മുടെ പൊതുസമൂഹം നിതാന്തജാഗ്രതയോടെ ചെറുത്തുതോല്‍പിക്കണം. അത്തരം നിലപാടുകളിലേക്ക് പൊതുസമൂഹത്തെ നയിക്കാനും പ്രചോദിപ്പിക്കാനുമുള്ള ഉത്തരവാദിത്വം ആത്മീയ-രാഷ്ട്രീയ-സാംസ്‌കാരിക-മാധ്യമനായകര്‍ ആത്മാര്‍ഥമായും സത്യസന്ധമായും നിറവേറ്റണം.
ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍