Thursday, May 15, 2025

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ മൃതദേഹം നാളെ മോസ്‌കോയില്‍ സംസ്‌കരിക്കും

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയുടെ മൃതദേഹം നാളെ മോസ്‌കോയില്‍ സംസ്‌കരിക്കുമെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ അറിയിച്ചു. മരിങ്കോ ഡിസ്ട്രിക്ടിലെ അന്ത്യാഞ്ജലി അര്‍പ്പണത്തിനുശേഷം ബോറിസോവിസ്‌കി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

സംസ്‌കാരച്ചടങ്ങുകള്‍ നടത്താന്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നതായി അനുയായികള്‍ പറഞ്ഞു. ഇത്തരം സേവനങ്ങള്‍ നല്കുന്ന ഫ്യൂണറല്‍ ഹോമുകള്‍ നവല്‍നിയുടെ മൃതദേഹമാണെന്ന് അറിഞ്ഞതോടെ പിന്മാറി.

സംസ്‌കാരം ഇന്നു നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. പ്രസിഡന്റ് പുടിന്‍ പാര്‍ലമെന്റിനെ വാര്‍ഷികാഭിസംബോധന ചെയ്യുന്ന ഇന്ന് കുഴിവെട്ടാന്‍ പോലും ആരും തയാറല്ലായിരുന്നുവെന്നും നവല്‍നിയുടെ അനുയായികള്‍ പറഞ്ഞു.

പുടിന്റെ നിശിത വിമര്‍ശകനായിരുന്ന നവല്‍നി ഈ മാസം 16ന് സൈബീരിയയിലെ ജയിലില്‍ ദുരൂഹ സാഹചര്യത്തിലാണു മരിച്ചത്. നടത്തം കഴിഞ്ഞ് കുഴഞ്ഞുവീണു മരിച്ചുവെന്നാണ് റഷ്യന്‍ അധികൃതരുടെ വിശദീകരണം. അതേസമയം, നവല്‍നിയുടെ വിധവ യൂലിയയും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ള പാശ്ചാത്യനേതാക്കളും മരണത്തില്‍ പുടിനു പങ്കുള്ളതായി ആരോപിക്കുന്നു.

 

Latest News