Sunday, November 24, 2024

ഏഴ് സംസ്ഥാനങ്ങളിലെ 17 ഇടങ്ങളില്‍ എന്‍ഐഎയുടെ റെയ്ഡ്

കേരളവും കര്‍ണാടകയും തമിഴ്നാടും ഉള്‍പ്പടെ ഏഴ് സംസ്ഥാനങ്ങളിലെ 17 ഇടങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ എന്‍ഐഎയുടെ റെയ്ഡ്. വാഗമണ്‍ സിമി ക്യാമ്പ് കേസ് പ്രതി തടിയന്റവിട നസീര്‍ അടക്കം ഉള്‍പ്പെട്ട, ജയിലിലെ തീവ്രവാദപരിശീലനക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡുകള്‍ നടക്കുന്നത്.

അതേസമയം, ബെംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനം വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്ന വിലയിരുത്തലിലാണ് എന്‍ഐഎ. 2022 സെപ്റ്റംബറിലാണ് കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍ നിന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ആക്രമണപരമ്പര നടത്താന്‍ ഗൂഢാലോചന നടത്തിയ ഐസിസ് മൊഡ്യൂളിലെ അംഗങ്ങള്‍ പിടിയിലാകുന്നത്.

പിന്നാലെ, 2022 നവംബറില്‍ മംഗളുരുവില്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന പ്രഷര്‍ കുക്കര്‍ ബോംബ് അബദ്ധത്തില്‍ പൊട്ടിത്തെറിച്ച് മുഹമ്മദ് ഷരീഖ് എന്ന യുവാവ് അറസ്റ്റിലായി. വാഗമണ്‍ സിമി ക്യാമ്പ് കേസ് പ്രതി തടിയന്റവിട നസീറും ലഷ്‌കര്‍ ഇ ത്വയ്യിബ ഭീകരന്‍ അഫ്സര്‍ പാഷയും ചേര്‍ന്ന് ജയിലില്‍ വച്ച് തീവ്രവാദ പരിശീലനം നല്‍കിയ 17 യുവാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ്.

പെറ്റിക്കേസുകളില്‍ അകത്തായ ഈ യുവാക്കളെ പരപ്പന അഗ്രഹാര ജയിലില്‍ വച്ച് സ്വാധീനിച്ച്, വിവിധയിടങ്ങളില്‍ ആക്രമണം നടത്താന്‍ നിര്‍ദേശം നല്‍കിയെന്നതാണ് കേസ്. ഈ മൂന്ന് കേസുകള്‍ക്കും ബെംഗളുരു രാമേശ്വരം കഫേയിലെ സ്ഫോടനവുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎയുടെ വിലയിരുത്തല്‍. മംഗളുരു കുക്കര്‍ ബോംബ് സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ച ബോംബിനും രാമേശ്വരം കഫേയില്‍ പൊട്ടിത്തെറിച്ച ബോംബിനും സമാനതകളുണ്ട്.

ജയിലില്‍ നിന്ന് തടിയന്റവിട നസീറും സംഘവും പരിശീലനം നല്‍കിയ കൂടുതല്‍ ആളുകള്‍ പുറത്തുണ്ട് എന്ന നിഗമനത്തിലാണ് എന്‍ഐഎ രാജ്യവ്യാപക റെയിഡുകള്‍ നടത്തുന്നത്. തമിഴ്നാട്ടിലെ കടലൂരിലും കാസര്‍കോട്ടെ ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പടുപ്പ്, മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുങ്കതകട്ട എന്നിവിടങ്ങളിലെ രണ്ട് വീടുകളിലുമാണ് റെയ്ഡ് തുടരുന്നത്. രാമേശ്വരം കഫേ സ്ഫോടനത്തിലെ പ്രതിയെ ഇത് വരെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല.

 

Latest News