Monday, April 21, 2025

ന്യൂയോര്‍ക്കിലെ ഭൂഗര്‍ഭ മെട്രോയിലെ വെടിവയ്പ്പ്; അക്രമി അറസ്റ്റില്‍

ന്യൂയോര്‍ക്ക് സബ്വേയിലെ വെടിവെപ്പില്‍ ഒരാള്‍ അറസ്റ്റില്‍. 62കാരനായ ഫ്രാങ്ക് ജെയിംസിനെയാണ് ന്യൂയോര്‍ക്ക് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ബ്രൂക്ക്‌ലിന്‍ സ്റ്റേഷനില്‍ ഫ്രാങ്കാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ഉച്ചയ്ക്ക് മാന്‍ഹാറ്റനില്‍ നിന്നാണ് ജയിംസിനെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 50,000 ഡോളര്‍ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിരുന്നു.

മാന്‍ഹട്ടണ്‍ സ്ട്രീറ്റില്‍ നിന്ന് കസ്റ്റഡിയിലെടുത്ത അക്രമിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ചൊവ്വാഴ്ചയുണ്ടായ വെടിവെപ്പില്‍ 13 പേര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരില്‍ 5 പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. 36 സ്ട്രീറ്റ് സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്.

ആക്രമണോത്സുകമായ നിരവധി വീഡിയോകള്‍ ഫ്രാങ്ക് ജെയിംസ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. യൂട്യൂബിന്റെ കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇയാളുടെ അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടു. തന്റെ വീഡിയോകളില്‍ ന്യൂയോര്‍ക്ക് മേയറെയും ഫ്രാങ്ക് ജെയിംസ് വിമര്‍ശിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ എട്ടരയ്ക്കു സണ്‍സെറ്റ് പാര്‍ക്കിലെ 36-ാം സ്ട്രീറ്റ് സ്റ്റേഷനിലായിരുന്നു വെടിവയ്പുണ്ടായത്. സബ്വേ ജീവനക്കാരന്റെ വേഷമണിഞ്ഞത്തിയ അക്രമി പുക ബോംബെറിഞ്ഞശേഷം കടന്നുകളയുകയായിരുന്നു. അക്രമി മാസ്‌ക് ധരിച്ചിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 30 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.

 

Latest News