Sunday, November 24, 2024

വന്യജീവി ആക്രമണം മൂലമുള്ള മരണങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുന്നു; സര്‍ക്കാര്‍ അനാസ്ഥ വെടിയണം

സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ രണ്ട് പേര്‍ കൂടി മരിച്ചു. കോഴിക്കോട് കക്കയത്ത് ഉണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പാലാട്ട് അബ്രഹാം (70), തൃശൂരില്‍ ഉണ്ടായ കാട്ടാന ആക്രമണത്തില്‍ വാച്ച്മരത്തെ ഊരു മൂപ്പന്‍ രാജന്റെ ഭാര്യ വത്സ (62) എന്നിവരാണ് മരിച്ചത്.

കക്കയം ടൗണില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ കക്കയം ഡാം സൈറ്റ് റോഡിലുള്ള കൃഷിയിടത്തില്‍വെച്ചാണ് അബ്രഹാമിനെ കാട്ടുപോത്ത് കുത്തിയത്. കൊമ്പ് കൊണ്ട് ശരീരത്തില്‍ ആഴത്തില്‍ പരിക്കേറ്റ അബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തൃശ്ശൂരില്‍ വാഴച്ചാലിനും പെരിങ്ങല്‍കുത്ത് അണക്കെട്ടിനും ഇടയിലുള്ള വാച്ചുമരം കോളനിയില്‍ നിന്നും വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലേക്ക് പോകുന്നതിനിടെയാണ് ഊരു മൂപ്പന്‍ രാജന്റെ ഭാര്യ വത്സയ്ക്കു നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് 3.30-നായിരുന്നു സംഭവം.

വാച്ചുമരം കോളനിയിലെ ആദിവാസി മൂപ്പന്‍ രാജനെയും ഭാര്യ വത്സയെയും ഇന്നലെ ഉച്ചയോടെയാണ് കൊല്ലത്തിരുമേട് സ്റ്റേഷന് കീഴിലുള്ള നീളപ്പാറ വനമേഖലയില്‍ വച്ച് കാട്ടാന ആക്രമിച്ചത്. മരോട്ടിക്കായ പെറുക്കുന്നതിനിടെ പിന്നില്‍ നിന്നെത്തിയ കാട്ടാന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടശേഷം ചവിട്ടിക്കൊല്ലുകയായിരുന്നു. കാട്ടില്‍ നിന്ന് പുറത്തെത്തിയ രാജനാണ് വനപാലകരെ വിവരമറിയിച്ചത്. വനപാലകരാണ് മൃതദേഹം പുറത്തെത്തിച്ചത്.

എനിക്കു നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ..’ ഉറ്റവളെ നഷ്ടപ്പെട്ട വേദന പങ്കുവയ്ക്കുമ്പോള്‍ വാച്ചുമരം കോളനിയിലെ ഊരുമൂപ്പന്‍ രാജന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. ഭാര്യ വത്സയെ കാട്ടാന ചവിട്ടിക്കൊല്ലുന്നതു നേരിട്ടുകണ്ടതിന്റെ നടുക്കത്തില്‍ നിന്ന് രാജന്‍ മോചിതനായിട്ടില്ല. ‘എന്നും ഞങ്ങള്‍ ഒന്നിച്ചാണു കാട്ടില്‍ പോകാറ്.

ആന അവളെ ചവിട്ടിയരച്ചു കളഞ്ഞു. എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ല. ആന എനിക്കു നേരെ തിരിയുന്നതു കണ്ട് ഓടി. വീണു കാലു പൊട്ടി. ആന പോയോ എന്നൊന്നും നോക്കാതെ ഉടന്‍ എഴുന്നേറ്റ് അവള്‍ക്കരികിലേക്ക് ഓടിയെത്തി. അപ്പോഴേക്കും ശ്വാസം നിലച്ചിരുന്നു. എടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. എനിക്കും മകള്‍ക്കുമാണു നഷ്ടപ്പെട്ടത്’ താലൂക്ക് ആശുപത്രിയിലെ കിടക്കയില്‍ കിടന്നു രാജന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഈ വര്‍ഷം 64 ദിവസത്തിനിടെ മാത്രം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഏഴുപേര്‍

സംസ്ഥാനത്ത് ഈ വര്‍ഷം 64 ദിവസത്തിനിടെ മാത്രം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഏഴുപേര്‍. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഇടുക്കി അടിമാലി കാഞ്ഞിരവേലി മുണ്ടോകണ്ടത്തില്‍ ഇന്ദിര (72) ആണ് ഒടുവിലത്തെ ഇര. ഇടുക്കി, വയനാട് ജില്ലകളിലായാണ് ഏഴുപേര്‍ കൊല്ലപ്പെട്ടത്. ഏഴുപേരില്‍ മൂന്നു പേര്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് 50,000 രൂപ മാത്രം. വന്യമൃഗ ആക്രമണം തടയാന്‍ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

സര്‍ക്കാര്‍ അനാസ്ഥ വെടിയണം

കാട്ടാനയുടെ ആക്രമണത്തില്‍ ഇത്രയധികം മനുഷ്യജീവന്‍ നഷ്ടപ്പെട്ടിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കാതെ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ കാട്ടുകയാണ്. വൈദ്യുതവേലികളും, കുടിവെള്ളത്തിനായി നിര്‍മ്മിച്ച സംഭരണികളും ഇല്ലാതായതാണ് വലിയതോതില്‍ വന്യമൃഗങ്ങള്‍ വനത്തിന് പുറത്തിറങ്ങാന്‍ കാരണം. ഇവയെല്ലാം പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണം. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്കും പരിക്കേല്ക്കുന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിലും സര്‍ക്കാര്‍ വീഴ്ചവരുത്തി. അതിനും ഉടനടി പരിഹാരം ഉണ്ടാകണം.

ചരിത്രത്തില്‍ ഇന്നുവരെ ഇല്ലാത്ത തരത്തിലാണ് മലയോര മേഖലകളില്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമാകുന്നത്. ഇതേസമയം സര്‍ക്കാര്‍ നിസംഗരായി നോക്കി നില്‍കുകയാണ്. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല.

ക്ഷമയുടെ നെല്ലിപ്പലക കണ്ട് നില്‍ക്കുന്ന ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികമാണ്. ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വാചക കസര്‍ത്ത് കൊണ്ട് വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ മനസിലാക്കണം. സ്വജനപക്ഷപാതവും അഴിമതിയും ധൂര്‍ത്തും നടത്താനുള്ളതല്ല ഭരണസംവിധാനം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന പ്രാഥമിക ചുമതല നിര്‍വഹിക്കാന്‍ പോലും സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകും, തീര്‍ച്ച.

 

 

 

Latest News