ഒക്ടോബര്‍ 7 ന് ഹമാസിന്റെ നേതൃത്വത്തില്‍ ഇസ്രായേലില്‍ നടന്ന ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് യുഎന്‍ആര്‍ഡബ്ല്യുഎ ജീവനക്കാരെക്കൂടി കുറ്റക്കാരാക്കണമെന്ന് വ്യക്തമാക്കുന്ന ഓഡിയോ റെക്കോര്‍ഡിംഗുകള്‍ ഐഡിഎഫ് തിങ്കളാഴ്ച പുറത്തുവിട്ടു. ഇതോടെ ആക്രമണത്തില്‍ സജീവമായി പങ്കെടുത്തതായി കണ്ടെത്തിയ മൊത്തം യുഎന്‍ ഏജന്‍സി തൊഴിലാളികളുടെ എണ്ണം 14 ആയി. കുറ്റാരോപിതരായ ജീവനക്കാരെ യുഎന്‍ പുറത്താക്കുകയും ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തു.
യുഎന്‍ആര്‍ഡബ്ല്യുഎ അധ്യാപകരാണ് കുറ്റക്കാരായി കണ്ടെത്തിയ രണ്ടുപേരും. ഇസ്ലാമിക് ജിഹാദ് ഭീകരന് മംദൗ അല്‍-ഖാലി, ഹമാസ് ഭീകരന് യൂസഫ് അല്‍ ഹവാജറ എന്നിവരാണവര്‍. ഹമാസ് കൂട്ടക്കൊലയില്‍ ഇവര്‍ പങ്കാളികളായിരുന്നു എന്ന് തെളിയിക്കുന്ന ഓഡിയോ റെക്കോര്‍ഡുകളാണ് ഐഡിഎഫ് പുറത്തുവിട്ടത്. ഗാസയിലെ ഭീകരപ്രവര്‍ത്തകരും ഹമാസ് അംഗങ്ങളുമായ 450-ഓളം പേര് യുഎന്‍ആര്‍ഡബ്ല്യുഎയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഐഡിഎഫ് തങ്ങളുടെ രഹസ്യാന്വേഷണത്തിലൂടെ കണ്ടെത്തുകയുണ്ടായി.
‘ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ കൂട്ടക്കൊല ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണ്. ഹമാസ് ഭീകരര്‍ സ്വന്തം ക്രൂരത ക്യാമറയില്‍ പകര്‍ത്തി. കാലക്രമേണ, കൂടുതല്‍ കൂടുതല്‍ സാക്ഷ്യങ്ങള്‍ വെളിച്ചത്ത് വരുന്നു’. ഐഡിഎഫ് വക്താവ് റിയര്‍ അഡ്മിന് ഡാനിയല്‍ ഹഗാരി പത്രസമ്മേളനത്തില്‍ പറഞ്ഞു.
നവംബറില്‍ ഒരാഴ്ച നീണ്ടുനിന്ന യുദ്ധവിരാമത്തിനിടെ ഗാസയില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ചില ബന്ദികള്‍, തങ്ങളെ UNRWA അംഗങ്ങളുടെ വീടുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഗാസ സിറ്റിയിലെ യുഎന്‍ആര്‍ഡബ്ല്യുഎ ഹെഡ്ക്വാര്‍ട്ടേഴ്സ് കെട്ടിടത്തിന് കീഴില്‍ ഹമാസ് ഒരു വലിയ ഭൂഗര്‍ഭ ഡാറ്റാ സെന്റര്‍ നടത്തുന്നതായി ഫെബ്രുവരിയില്‍ IDF വെളിപ്പെടുത്തി. സമീപത്തെ യുഎന്‍ആര്‍ഡബ്ല്യുഎ സ്കൂളിന്റെ അടിയില്‍ ശക്തമായ ഒരു കോട്ടയിലേക്കുള്ള പ്രവേശനം കണ്ടെത്തി. യുണൈറ്റഡ് സ്റ്റേറ്റ്സ്, ബ്രിട്ടന്, ജര്‍മ്മനി, ജപ്പാന് എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇസ്രായേലിന്റെ ഈ ആരോപണത്തെ തുടര്‍ന്ന് യുഎന്‍ആര്‍ഡബ്ല്യുഎയ്ക്കുള്ള ധനസഹായം നിര്‍ത്തിവച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ഇസ്രായേല്‍-പലസ്തീന് സംഘര്‍ഷത്തില്‍ യുഎന്‍ആര്‍ഡബ്ല്യുഎ നിഷ്പക്ഷമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് വിലയിരുത്താന്‍ ഒരു സ്വതന്ത്ര സമിതിയെയും ചുമതലപ്പെടുത്തി.
യുഎന്‍ആര്‍ഡബ്ല്യുഎ പിരിച്ചുവിടണമെന്ന് ജറുസലേം പണ്ടേ ആവശ്യപ്പെടുന്ന കാര്യമാണ്. ഏജന്‍സിയ്ക്കെതിരെ സമീപകാലത്ത് ഉയര്‍ന്ന ആരോപണങ്ങള്‍ കാരണം പല രാജ്യങ്ങളും അവര്‍ക്കുള്ള ധനസഹായം മരവിപ്പിക്കുകയും ചെയ്തു. ദാതാക്കള്‍ ധനസഹായം മരവിപ്പിക്കുകയും ഏജന്‍സിയെ തകര്‍ക്കാന്‍ ഇസ്രായേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്നതിനാല്‍ ഏജന്‍സി തകര്‍ച്ചയുടെ ഘട്ടത്തിലാണെന്ന് യുഎന്‍ആര്‍ഡബ്ല്യുഎയുടെ തലവന്‍ ഫിലിപ്പ് ലസാരിനി തിങ്കളാഴ്ച ജനറല്‍ അസംബ്ലിയുടെ പ്രസിഡന്റിന് അയച്ച കത്തില്‍ മുന്നറിയിപ്പ് നല്കി.