നൈജീരിയയിലെ കടുന സ്റ്റേറ്റില്‍ നടന്ന ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ രണ്ടു ക്രൈസ്തവരെ കൊലപ്പെടുത്തുകയും നിരവധിപ്പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഫെബ്രുവരി 28 ന് രാത്രിയില്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമമായ ഗോനിന്‍ ഗോറയില്‍ അക്രമികള്‍ അതിക്രമിച്ചുകയറിയായിരുന്നു ആക്രമണം നടത്തിയത്.
‘കടുന സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു ക്രൈസ്തവരെ കൊലപ്പെടുത്തി. അവര്‍ ക്രിസ്ത്യാനികളുടെ പത്തോളം വീടുകളില്‍ അതിക്രമിച്ച് കയറി ഈ വീടുകളില്‍ നിന്ന് ഡസന്‍ കണക്കിന് ആളുകളെ തട്ടിക്കൊണ്ടുപോയി.’ പ്രദേശവാസിയായ പേഷ്യന്‍സ് അലി ക്രിസ്റ്റ്യന്‍ ഡെയ്ലി ഇന്റര്‍നാഷണല്‍-മോണിംഗ് സ്റ്റാര്‍ ന്യൂസിനോട് വെളിപ്പെടുത്തി. ആക്രമണത്തില്‍ നിരവധി ക്രൈസ്തവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഗോനിന്‍ ഗോറ സമുദായത്തിന് നേരെയുള്ള ആക്രമണം പോലീസ് സ്ഥിരീകരിച്ചു, അവിടെയുള്ള നിരന്തരമായ ആക്രമണങ്ങള്‍ തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചതായി പോലീസ് വൃത്തം വെളിപ്പെടുത്തി. ”ആക്രമികളെ പിന്തിരിപ്പിക്കാന് അടിയന്തരമായി അവരുടെ ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിക്കാന്‍ കടുന സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,” ആഭ്യന്തര മന്ത്രാലയം കമ്മീഷണര്‍ പറഞ്ഞു.
ഓപ്പണ്‍ ഡോര്‍സിന്റെ 2024 വേള്‍ഡ് വാച്ച് ലിസ്റ്റ് (WWL) റിപ്പോര്‍ട്ട് പ്രകാരം 2022 ഒക്ടോബര്‍ 1 മുതല്‍ 2023 സെപ്റ്റംബര്‍ 30 വരെ വിശ്വാസത്തിന്റെ പേരില്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടത് 4,118 പേരാണ്. നൈജീരിയയില്‍ നിന്നും 3,300 ക്രൈസ്തവരെയാണ് തട്ടിക്കൊണ്ടു പോയത്.