Sunday, November 24, 2024

ഹെയ്തിയിലെ കുട്ടികളുടെ സ്ഥിതി ദുരിതാവസ്ഥയില്‍: യൂണിസെഫ്

ദീര്‍ഘനാളുകളായി തുടരുന്ന സംഘര്‍ഷങ്ങളും ആക്രമണങ്ങളും കാരണം ഹെയ്തിയിലെ സാധാരണജനജീവിതം ദുരിതത്തിലാണെന്നും, അവിടെയുള്ള കുട്ടികളില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും മാനുഷികസഹായം ആവശ്യമുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്.

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് സമീപകാലങ്ങളില്‍ ഹെയ്തിയില്‍ നിയമലംഘനം, മനുഷ്യാവകാശലംഘനങ്ങള്‍, ആളുകളെ തട്ടിക്കൊണ്ടുപോകല്‍, കുട്ടികളോടും സാധാരണ കുടുംബങ്ങളോടുമുള്ള അവഗണന എന്നിവ വര്‍ദ്ധിച്ചുവരികയാണെന്ന് യൂണിസെഫ് അറിയിച്ചു. ഫെബ്രുവരി 7 വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച് ശിശുക്ഷേമനിധിയുടെ ഡയറക്ടര്‍ ജെനെറല്‍ കാതറിന്‍ റസ്സല്‍ പ്രസ്താവനയിറക്കിയത്.

ഹെയ്തിയില്‍ വിവിധ സായുധസംഘങ്ങള്‍ തടവുകാരെ ജയിലുകളില്‍നിന്ന് മോചിപ്പിക്കുകയും അവരെ ഒപ്പം ചേര്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് യൂണിസെഫ് ആരോപിച്ചു. സാധാരണ ജനത്തിന് ആശുപത്രി, സ്‌കൂളുകള്‍ തുടങ്ങിയ സേവനങ്ങള്‍ പോലും പരിമിതമായി തുടരുന്നതിനിടെയാണിത്. ജല, ഭക്ഷ്യ ലഭ്യതയിലും രാജ്യത്ത് പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്.

കുട്ടികള്‍ ഉള്‍പ്പെടെയുള്ള സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ട പൊതു ഇടങ്ങള്‍ സായുധസംഘങ്ങള്‍ തമ്മിലുള്ള പോരാട്ടയിടങ്ങളായി മാറിയെന്നും, രാജ്യത്തെ തുറമുഖങ്ങളും വിമാനത്താവളവും ഇത്തരം സംഘങ്ങളുടെ പിടിയിലാണെന്നും യൂണിസെഫ് അറിയിച്ചു.

ഹെയ്തിയില്‍ ലക്ഷക്കണക്കിന് കുട്ടികളും അവരുടെ കുടുംബങ്ങളും അപകടകരമായ സ്ഥിതിയിലാണ് തുടരുന്നതെന്നും, ഏതാണ്ട് മൂന്നര ലക്ഷത്തിലധികം (362,000) ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ശിശുക്ഷേമനിധി പ്രസ്താവിച്ചു. രാജ്യത്ത് പട്ടിണിയും പോഷകാഹാരക്കുറവും മുന്‍പില്ലാത്ത വിധത്തില്‍ വര്‍ദ്ധിച്ചുവെന്നും, മൂന്നില്‍ രണ്ടു കുട്ടികള്‍ക്കും മാനുഷികസഹായം ആവശ്യമുണ്ടെന്നും ഐക്യരാഷ്ട്രസഭാ സംഘടന അറിയിച്ചു.

നിലവിലെ സ്ഥിതിഗതികള്‍ക്ക് ഒരു പരിഹാരമുണ്ടാക്കാന്‍ അന്താരാഷ്ട്രസംഘടനയുടെ സഹായം ആവശ്യമുണ്ടെന്ന് അറിയിച്ച യൂണിസെഫ്, സ്‌കൂളുകളും, ആശുപത്രികളും ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. ദീര്‍ഘകാലസേവനം ഉറപ്പുവരുത്തുന്ന രീതിയില്‍ വേണം സാമൂഹികസേവനങ്ങളാണ് നല്‍കേണ്ടതെന്ന് യൂണിസെഫ് ഓര്‍മ്മിപ്പിച്ചു. പ്രകൃതിദുരന്തങ്ങള്‍, ആരോഗ്യപ്രതിസന്ധികള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയെ മുന്നില്‍ക്കണ്ട് പദ്ധതികള്‍ തയ്യാറാക്കേണ്ടതിന്റെ ആവശ്യകതയും ശിശുക്ഷേമനിധി എടുത്തുപറഞ്ഞു.

 

Latest News