യുദ്ധക്കെടുതിയും പട്ടിണിയും രൂക്ഷമായ ഗാസയില്‍ സഹായമെത്തിക്കുന്നതിനായി താത്കാലിക തുറമുഖം നിര്‍മിക്കാനൊരുങ്ങി അമേരിക്ക. ഇതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഉടന്‍ പുറത്തുവിടുമെന്നാണ് സൂചന. ആറാം മാസത്തിലേക്ക് കടക്കുന്ന ഇസ്രയേല്‍ – പലസ്തീന് സംഘര്‍ഷത്തില്‍ ഗാസയിലെ ഭൂരിഭാഗം ജനങ്ങളും മുഴുപട്ടിണിയിലാണ്. അടിസ്ഥാനസൗകര്യങ്ങള്‍ തകര്‍ന്നടിഞ്ഞ അവിടേക്കു സൗജന്യഭക്ഷണവും മരുന്നും എത്തിക്കുന്ന യുഎന്‍ ഏജന്‍സികളെ ഇസ്രയേല്‍ സൈന്യം തടയുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.
ഈ സാഹചര്യത്തിലാണ് അടിയന്തര നടപടിയുമായി അമേരിക്ക രംഗത്തെത്തുന്നത്. വരാനിരിക്കുന്ന സ്റ്റേറ്റ് ഓഫ് യൂണിയന് പ്രസംഗത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ബൈഡന് നടത്തുമെന്നാണ് അന്താരാഷ്ട്ര വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഗാസയില്‍ 23 ലക്ഷത്തോളം പേര് പട്ടിണിയുടെ വക്കിലാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ജോര്‍ദാനുമായി ചേര്‍ന്ന് ഗാസയിലെ ജനങ്ങള്‍ക്ക് അടിസ്ഥാന ആവശ്യങ്ങളായ മരുന്നും വെള്ളവും ഭക്ഷണവുമെല്ലാം വിമാനത്തില്‍ നിന്ന് വിതരണം ചെയ്യുന്നതിന് അമേരിക്ക തുടക്കമിട്ടിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച തുടങ്ങി മൂന്ന് വട്ടം ഗാസയിലേക്ക് അമേരിക്കന്‍ സൈന്യം വ്യോമമാര്‍ഗം (എയര്‍ഡ്രോപ്) ഭക്ഷണപ്പൊതി വിതരണം നടത്തിയിരുന്നു.