Tuesday, November 26, 2024

‘ആടുജീവിത’ത്തിന്റെ യാത്രക്കിടയില്‍ തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടായെന്ന് നടന്‍ പൃഥ്വിരാജ്‌ സുകുമാരന്‍

ആടുജീവിതത്തിന്റെ യാത്രക്കിടയില്‍ തന്റെ ജീവിതം ഒരുപാട് മാറിയെന്ന് നടന്‍ പൃഥ്വിരാജ്‌ സുകുമാരന്‍. ഒരു നടന്‍ എന്ന നിലയില്‍ ഒരുപാട് മാറ്റങ്ങളുണ്ടായെന്ന് വിശ്വസിക്കുന്നുവെന്നും, ഒരു സിനിമാ പ്രവര്‍ത്തകനെന്ന നിലയില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സിനിമാ നടനോ, രചയിതാവോ, സംവിധായകനോ ആയിട്ടല്ല ഒരു മനുഷ്യനെന്ന നിലയിലാണ് ‘ആടുജീവിതം’ തന്നെ ഏറ്റവുമധികം സ്വാധീനിച്ചത്. ഇനിയങ്ങോട്ടുള്ള എന്റെ സിനിമാ ജീവിതത്തെയും, അഭിനയ ജീവിതത്തെയുമൊക്കെ ഇത് സ്വാധീനിച്ചേക്കാം എന്നും താരം വ്യക്തമാക്കി.

ഇതൊരു ജീവിതാനുഭവമായി താന്‍ കാണുന്നു. നജീബെന്ന മനുഷ്യന്‍ ജീവിച്ച ജീവിതവുമായി യാതൊരു രീതിയിലും താരതമ്യം ചെയ്യാന്‍ കഴിയില്ല. എങ്കിലും ഞങ്ങളുടേതായ രീതിയില്‍ ഇതൊരു നീണ്ട യാത്ര തന്നെയായിരുന്നു. അത്തരമൊരു യാത്രകളൊന്നും എല്ലാ സിനിമകള്‍ക്കും കിട്ടരുതേ എന്നാണ് പ്രാര്‍ത്ഥിക്കുന്നത്. ഞങ്ങള്‍ക്കുണ്ടായ അനുഭവങ്ങളില്‍ എല്ലാക്കാലവും നന്ദിയോടെ ഓര്‍മിക്കും. ഒരുപാട് കാലങ്ങളില്‍ ഇത് എന്തുകൊണ്ടെന്നും, എന്തിന് ഇങ്ങനെയൊന്നും ചിന്തിച്ചിട്ടുണ്ടെങ്കിലും ഇന്ന് അതൊക്കെ വളരെ നന്ദിയോടെയാണ് ഓര്‍ക്കുന്നത്.

മനുഷ്യരെന്ന നിലയില്‍ വളരെയധികം പരിണാമങ്ങളും, മാറ്റങ്ങളുമുണ്ടായി. എല്ലാക്കാലത്തും എന്റെ ജീവിതത്തില്‍ ഞാന്‍ സൂക്ഷിക്കുന്ന കുറച്ച് കാര്യങ്ങള്‍ ആടുജീവിതമെന്ന സിനിമയും, ഷൂട്ടിങ് ദിവസങ്ങളുമായിരിക്കുമെന്നും പൃത്വിരാജ് പറഞ്ഞു. ആടുജീവിതം സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.

 

Latest News