ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഗാസ മുനമ്പിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ചും, ഹമാസിനെതിരായ പോരാട്ടത്തിലെ മുന്നേറ്റത്തെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി. ബന്ദികളെ മോചിപ്പിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങള്‍, മാനുഷിക സഹായം എത്തിക്കുന്നത് തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായതായി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.
സമൂഹമാദ്ധ്യമത്തില്‍ നെതന്യാഹുവിന്റെ ഔദ്യോഗിക അക്കൗണ്ട് വഴിയാണ് കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങളും വിവരങ്ങളും പുറത്ത് വിട്ടത്. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡയറക്ടര്‍, പ്രധാനമന്ത്രിയുടെ വിദേശനയ ഉപദേഷ്ടാവ്, ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. അതേസമയം ഹമാസിനെതിരായ പോരാട്ടത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും വിജയം കാണാതെ ഇസ്രായേല്‍ സൈനികര്‍ മടങ്ങില്ലെന്നുമുള്ള നിലപാട് കഴിഞ്ഞ ദിവസവും നെതന്യാഹു ആവര്‍ത്തിച്ചു.
13,000ത്തിലധികം ഹമാസ് ഭീകരരെ പോരാട്ടത്തില്‍ വധിക്കാനായെന്നാണ് നെതന്യാഹു അവകാശപ്പെടുന്നത്. ഗാസയുടെ തെക്കന്‍ മുനമ്പില്‍ ആക്രമണം കടുപ്പിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും നെതന്യാഹു വ്യക്തമാക്കി. ‘ ഇസ്രായേല്‍ ഇന്ന് വിജയത്തോട് വളരെ അടുത്ത് നില്‍ക്കുകയാണ്. റഫയില്‍ അവശേഷിക്കുന്ന ഭീകര ബറ്റാലിയനുകള്‍ക്കെതിരെ സൈനിക നടപടി ആരംഭിക്കുകയാണ്. ആഴ്ച്ചകള്‍ക്കുള്ളില്‍ ഇതില്‍ വിജയം നേടുമെന്നും” നെതന്യാഹു പറയുന്നു.