Monday, November 25, 2024

സാമ്പത്തിക പ്രതിസന്ധി വിഷയത്തില്‍ കേരളത്തിന് പ്രത്യേക പരിഗണന നല്‍കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി

സാമ്പത്തിക പ്രതിസന്ധി വിഷയത്തില്‍ കേരളത്തിന് പ്രത്യേക പരിഗണന നല്‍കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി. കേരളത്തിന് എത്ര തുക അടിയന്തിരമായി നല്‍കാന്‍ കഴിയുമെന്ന് നാളെ അറിയിക്കാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രഖ്യാപിച്ച 13,600 കോടി രൂപ സഹായത്തില്‍ 8000 കോടി രൂപ ഇതിനോടകം തന്നെ സംസ്ഥാനത്തിന് നല്‍കിയതായി കേന്ദ്രം അറിയിച്ചു.

32,432 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് കടമെടുക്കാന്‍ കഴിയുക എന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ നിലപാട് സ്വീകരിച്ചു. ഇതില്‍ 34,230 കോടി രൂപ കടമെടുത്തു കഴിഞ്ഞു. എതാണ്ട് പൂര്‍ണ്ണമായ തുകയും കൈപ്പറ്റിയ ശേഷമാണ് സുപ്രീം കോടതിയില്‍ ഹര്‍ജ്ജി സമര്‍പ്പിച്ചത്.

ഊര്‍ജ മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കുള്ള വായ്പ ഒഴിവാക്കിയുള്ളതാണ് സംസ്ഥാനത്തിന്റെ കണക്ക്. ഇത് കൂടി കൂട്ടിയാല്‍ കേരളത്തിന്റെ വായ്പാപരിധി ഈ വര്‍ഷം 48,049 കോടി ആകും എന്നും കേന്ദ്രം വ്യക്തമാക്കി .കടമെടുപ്പു പരിധി പ്രകാരമുള്ള 11,731 കോടി രൂപയ്ക്കു പുറമേ രണ്ടായിരത്തോളം കോടി രൂപ അടക്കം 13,608 കോടി രൂപ യാണ് ഉടന്‍ സംസ്ഥാനത്തിന് നല്കുക.

കേന്ദ്രത്തിന്റെ വാദങ്ങളെ ശക്തമായ് സംസ്ഥാനം ഖണ്ഡിച്ചു. നിയമാനുസ്യതം, കേരളത്തിനു 11,731 കോടി രൂപ വായ്പയെടുക്കാം. 24,000 കോടി രൂപ വായ്പയെടുക്കാന്‍ അടിയന്തരമായി അനുവദിക്കണം. കേരളത്തിന് അടുത്ത പത്തു ദിവസത്തിനുള്ളില്‍ എന്തു സഹായം ചെയ്യാന്‍ കഴിയുമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോടു ചോദിച്ചു. കേരളത്തിന് എത്ര തുക നല്‍കാന്‍ കഴിയുമെന്നതില്‍ വ്യക്തത വേണം. ഇത് ആലോചിച്ച് നാളെ അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തിക്കൂടെ എന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു.

 

Latest News