കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ശബരി കെ റൈസിന്റെ വില്‍പ്പന ഇന്ന് മുതല്‍. വില്‍പ്പനയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ജയ, കുറുവ, മട്ട അരി സപ്ലൈകോ വഴി വിതരണം ചെയ്യും. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കെ റൈസ് വില്‍പ്പന സര്‍ക്കാര്‍ വേഗത്തിലാക്കിയത്.
ശബരി കെ റൈസ് ജയ (29 രൂപ), കുറുവ (30), മട്ട (30) എന്നിങ്ങനെയാണു വില. ഭാരത് അരിക്ക് സമാനമായി പ്രത്യേകം രൂപകല്‍പന ചെയ്ത സഞ്ചിയിലായിരിക്കും കെ റൈസ് വിതരണം ചെയ്യുക. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ നല്ലയിനം അരി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് സപ്ലൈകോ മുഖേന ശബരി കെ- റൈസ് എന്ന ബ്രാന്‍ഡില്‍ അരി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്ത് ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും, പാലക്കാട്, കോഴിക്കോട് മേഖലയില്‍ കുറുവ അരിയുമാകും വിതരണത്തിനെത്തുക.
ഒരു റേഷന്‍ കാര്‍ഡിന് ഇതില്‍ ഏതെങ്കിലും ഒരു ഇനം അരി പ്രതിമാസം 5 കിലോഗ്രാം നല്‍കാനാണു നിര്‍ദേശം. ഈ മാസം ലഭിച്ച ജയ, കറുവ, മട്ട എന്നിവയുടെ 50 കിലോഗ്രാം അരി ചാക്കുകള്‍ കെ റൈസായി മാറ്റാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കാര്‍ഡിന് ലഭിക്കുക 5 കിലോ അരിയാണ്. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എഫ്‌സിഐ) നിന്ന് ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്‌കീം വഴി വില കുറച്ചു ലഭിക്കുന്ന അരിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സികളും കേന്ദ്ര സഹകരണ സംഘങ്ങളും വഴി കിലോയ്ക്ക് ‘ഭാരത് അരി’ ആയി നല്‍കുന്നത്. ഇതിന് റേഷന്‍ കാര്‍ഡ് ആവശ്യമില്ല.