അഗ്‌നി-5 മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പ് വികസിപ്പിച്ച ഡിആര്‍ഡിഒ ശാസ്ത്രജ്ഞരുടെ സംഘത്തെ നയിച്ചത് മലയാളിയായ ഷീന റാണി. പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞയായ ഷീന റാണി തിരുവനന്തപുരം സ്വദേശിനിയാണ്. ‘മിഷന്‍ ദിവ്യാസ്ത്ര’ എന്ന പേരിലുള്ള ദൗത്യമാണു ഷീന നയിച്ചത്.
ഒരേസമയം പല ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കെല്‍പുള്ള സാങ്കേതികവിദ്യ സംയോജിപ്പിച്ച അഗ്‌നി മിസൈല്‍ കഴിഞ്ഞ ദിവസം ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. അഗ്‌നി മിസൈല്‍ ഗവേഷണവുമായി ബന്ധപ്പെട്ട് 1999 മുതല്‍ പ്രവര്‍ത്തിക്കുന്ന ഷീന, നിലവില്‍ ഡിആര്‍ഡിഒയുടെ ഹൈദരാബാദ് ആസ്ഥാനമായുള്ള അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലബോറട്ടറിയില്‍ ശാസ്ത്രജ്ഞയാണ്.
തിരുവനന്തപുരം വിഎസ്എസ്സിയില്‍ 8 വര്‍ഷം സേവനമനുഷ്ഠിച്ചു. തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍നിന്ന് (സിഇടി) ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബിരുദമെടുത്ത ശേഷം 1998 ല്‍ പൊഖ്റാന്‍ ആണവ പരീക്ഷണത്തിന്റെ ഭാഗമായി. അതിനു ശേഷമാണു ഷീന ഡിആര്‍ഡിഒയില്‍ ചേര്‍ന്നത്.