Sunday, November 24, 2024

ഇന്ത്യക്കാരെ റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത കേസ്: മുഖ്യപ്രതി ബിജെപി നേതാവിന്റെ മകനെന്ന് റിപ്പോര്‍ട്ട്

യുക്രെയ്‌നെതിരായ റഷ്യന്‍ അധിനിവേശത്തിന്, സ്റ്റുഡന്റ് വിസയുടെ മറവില്‍ ഇന്ത്യക്കാരെ എത്തിച്ചുകൊടുക്കുന്നുവെന്ന കേസില്‍ മുഖ്യപ്രതി ബിജെപി അംഗത്തിന്റെ മകനെന്ന് റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ധര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അംഗം അനിത മുകുത്തിന്റെ മകന്‍ സുയാശാണ് സിബിഐയുടെ പ്രതിപ്പട്ടികയിലെ ഒന്നാമന്‍. അന്വേഷണ സംഘത്തിന്റെ വിശദീകരണം അനുസരിച്ച്, സുയാഷിന്റെ ’24X7 RAS ഓവര്‍സീസ് ഫൗണ്ടേഷന്‍’ എന്ന സ്ഥാപനം 180 പേരെ റഷ്യയിലേക്ക് അയച്ചിട്ടുണ്ട്. അതിലധികവും സ്റ്റുഡന്റ് വിസ ആയിരുന്നെന്നും സംഘം കണ്ടെത്തിയിട്ടുണ്ട്.

സുയാഷ് മുകുത്തിന്റെ സ്ഥാപനം സ്റ്റുഡന്റ് വിസയില്‍ കയറ്റിയയച്ചവരെ കബളിപ്പിച്ച് റഷ്യന്‍ സേനയുടെ ഭാഗമാക്കിയിരിക്കാം എന്നാണ് കരുതുന്നത്. എംബസി ജീവനക്കാരുടെ പങ്കും സിബി ഐ പരിശോധിക്കുന്നുണ്ട്. ആര്‍ എ എസ് ഓവര്‍സീസിന്റെ വെബ്സൈറ്റ് നിലവില്‍ പ്രവര്‍ത്തന രഹിതമാണ്. സുയാഷും സഹോദരന്‍ പാര്‍ത്ഥ് മുകുത്തും ഡയറക്ടര്‍മാരായ സ്ഥാപനം 2022 ജൂണിലാണ് ആരംഭിക്കുന്നത്. ദ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

ഇന്‍ഡോറില്‍ നിന്നുള്ള കുടുംബം ധറില്‍ സ്ഥിരതാമസമാക്കിയെന്നും സുയാഷിന്റെ പിതാവ് രമാകാന്ത് മുകുട്ട് പ്രാദേശിക ആശുപത്രിയില്‍ ജനറല്‍ ഫിസിഷ്യനായി ജോലി ചെയ്യുകയാണെന്നുമാണ് വിവരം. ഫീസില്‍ ഇളവ്, വിസ കാലാവധി നീട്ടി നല്‍കാം എന്നീ വാഗ്ദാനങ്ങള്‍ നല്‍കിയാണ് തട്ടിപ്പ് സംഘം ആളുകളെ ആകര്‍ഷിക്കുന്നത്. ഇത്തരത്തില്‍ റഷ്യയില്‍ എത്തിപ്പെടുന്നവരുടെ പാസ്‌പോര്‍ട്ട് വിസ ഏജന്റുമാര്‍ തട്ടിയെടുക്കുകയും റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി യുക്രെയ്‌നിലേക്ക് പോകാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യും. വിദ്യാര്‍ഥികളില്‍ ചിലരെ സായുധ പരിശീലനത്തിന് അയച്ചതായും സൈനിക അഭ്യാസങ്ങള്‍ പഠിപ്പിച്ചതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യക്കടത്തിന് ഇരയായ ചിലര്‍ക്ക് യുദ്ധമേഖലയില്‍ ഗുരുതരമായി പരുക്കേറ്റതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

ഡല്‍ഹി, മുംബൈ, ചെന്നൈ, പഞ്ചാബ്, രാജസ്ഥാന്‍, കേരളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും ആളുകളും ഉള്‍പ്പെടെ 19 പ്രതികളാണ് നിലവിലുള്ളത്. കൂടാതെ റഷ്യയിലുള്ള കേരള സ്വദേശിയും പ്രതിപ്പട്ടികയിലുണ്ട്. ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടുപേര്‍ യുക്രെയ്ന്‍ യുദ്ധത്തില്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു കേസന്വേഷണം ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി, മുംബൈ, അംബാല, ചണ്ഡിഗഡ്, മധുര, തിരുവനന്തപുരം, ചെന്നൈ എന്നീ ഏഴ് നഗരങ്ങളിലെ പട്‌നിനഞ്ചോളം സ്ഥലങ്ങളില്‍ സിബിഐ തിരച്ചില്‍ നടത്തിയിരുന്നു.

 

Latest News