ഇനി മിനിറ്റുകള്‍ കൊണ്ട് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഉപയോഗിച്ചാണ് പേര് ചേര്‍ക്കാന്‍ സാധിക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ അവസാന ദിവസത്തിന് ഒരാഴ്ച മുന്‍പ് വരെ പേര് ചേര്‍ക്കാനാകും. 2024 ജനുവരിയില്‍ 18 വയസായവര്‍ക്കാണ് ആപ്പിലൂടെ വേഗം അപേക്ഷിക്കാനാവുക.
ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്പര്‍ നല്‍കുമ്പോള്‍ ഒരു ഒടിപി ലഭിക്കും. ഈ ഒടിപി സ്വീകരിച്ച് പാസ്‌വേഡ് ഉണ്ടാക്കാം. രജിസ്‌ട്രേഷനിലേക്ക് കടക്കും മുന്‍പ് തന്നെ വോട്ടറുടെ പേരും വിലാസവും ജനന തീയതിയും തെളിയിക്കുന്ന രേഖകള്‍ നല്‍കേണ്ടതുണ്ട്. കൂടാതെ പാസ്‌പോര്‍ട്ട് സൈസിലുള്ള ഫോട്ടോയും അപ്‌ലോഡ് ചെയ്യണം. കുടുംബത്തിലെ ഒരാളുടെ വോട്ടര്‍ ഐഡി നമ്പരും ആവശ്യമാണ്.
ജനന തീയതിക്ക് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ പാസ്‌പോര്‍ട്ടോ നല്‍കാം. വിലാസം നല്‍കാന്‍ ആധാര്‍ കാര്‍ഡോ ഫോണ്‍ ബില്ലോ പാചക വാതക ബില്ലോ സമര്‍പ്പിക്കാവുന്നതാണ്. ആപ്പില്‍ ചോദിച്ചിട്ടുള്ള രേഖകളെല്ലാം അപ്ലോഡ് ചെയ്ത് സബ്മിറ്റ് ചെയ്യുമ്പോള്‍ ഒരു റഫറന്‍സ് ഐഡി കൂടി ലഭിക്കും. ഓണ്‍ലൈനായി നല്‍കുന്ന അപേക്ഷയിലെ വിവരങ്ങള്‍ പ്രദേശത്തുള്ള ബിഎല്‍ഒയ്ക്ക് കൈമാറുന്നതാണ്. ബിഎല്‍ഒ വീട്ടിലെത്തി വിവരങ്ങള്‍ പരിശോധിക്കുന്നതോടെ വോട്ടര്‍ പട്ടികയില്‍ ഇടംനേടാനാകും.