രാജ്യത്ത് തെരഞ്ഞെടുപ്പുകള്‍ ഏകീകരിച്ച് ഒരേസമയത്ത് നടത്തുന്നതിനെ പിന്തുണച്ചും എതിര്‍ത്തും പ്രതികരിക്കാതെയും രാഷ്ട്രീയ പാര്‍ട്ടികള്‍. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തില്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതസമിതി 62 പാര്‍ട്ടികളെയാണ് സമീപിച്ചത്. പ്രതികരിച്ച 47 പാര്‍ട്ടികളില്‍ 32 പേര്‍ പിന്തുണച്ചും 15 പേര്‍ എതിര്‍ത്തും നിലകൊണ്ടു. പതിനഞ്ച് കക്ഷികള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
പിന്തുണച്ച കക്ഷികള്‍ സാമൂഹിക സാമ്പത്തിക രംഗത്ത് ഇതുവഴി മാറ്റങ്ങളുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ അഭിവൃദ്ധിക്ക് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുക തന്നെ വേണമെന്ന് ഇവര്‍ ശക്തമായി വാദിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തെരഞ്ഞടുപ്പുകള്‍ ഏകീകരിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും ഘടനയെയും ലംഘിക്കുമെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന വാദം. ഇത് ഒരേസമയം ജനാധിപത്യ, ഫെഡറല്‍ വിരുദ്ധ നയമാണ്. പ്രാദേശിക പാര്‍ട്ടികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ദേശീയ പാര്‍ട്ടികള്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യും. രാഷ്ട്രപതി ഭരണത്തിന് സമാനമായ അവസ്ഥയിലേക്ക് രാജ്യം എത്തിപ്പെടുമെന്നും ഇവര്‍ ആശങ്ക ഉന്നയിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.
സിപിഎമ്മും സിപിഐയും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തെരഞ്ഞെടുപ്പ് ഒരേ സമയം നടത്തുന്നതിനെ എതിര്‍ത്തു. ജനാധിപത്യത്തെയും ഭരണഘടനയെയും ക്ഷയിപ്പിക്കുന്ന നീക്കമാണിതെന്ന് അവര്‍ ആരോപിക്കുന്നു. എന്നാല്‍ ബിഎസ്പി വ്യക്തമായ എതിര്‍പ്പോ പിന്തുണയോ പ്രകടിപ്പിച്ചിട്ടില്ല. പക്ഷെ ഭൂഘടനയും ജനസംഖ്യയും കണക്കിലെടുക്കുമ്പോള്‍ ഈ തീരുമാനം നടപ്പിലാക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ബിഎസ്പി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ സംസ്ഥാന പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് തന്ത്രങ്ങളിലും ചെലവിലും ദേശീയ പാര്‍ട്ടികളുമായി മത്സരിക്കാന്‍ കഴിയില്ലെന്ന് സമാജ്വാദി പാര്‍ട്ടി സബ്മിഷനില്‍ ഉന്നയിച്ചു.
പിന്തുണച്ച പാര്‍ട്ടികള്‍
എഐഎഡിഎംകെ, ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍, അപ്നാദള്‍ (സോണി ലാല്‍), എഎസ്ഒഎം ഗണപരിഷത്ത്, ബിജു ജനതാദള്‍, ലോക് ജനശക്തി പാര്‍ട്ടി (ആര്‍), മിസോ നാഷണല്‍ ഫ്രണ്ട്, നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി, ശിവസേന, ജനതാദള്‍ (യുണൈറ്റഡ്), സിക്കിം ക്രാന്തികാരി മോര്‍ച്ച, ശിരോമണി അകാലിദള്‍, യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ തുടങ്ങിയവരാണ് തെരഞ്ഞെടുപ്പ് ഏകീകരണത്തെ പിന്തുണയ്ക്കുന്ന പാര്‍ട്ടികള്‍.
എതിര്‍ക്കുന്ന പാര്‍ട്ടികള്‍
കോണ്‍ഗ്രസ്, സിപിഐ(എം), എഎപി, തൃണമൂല്‍ കോണ്‍ഗ്രസ്, എഐഎംഐഎം, സിപിഐ, ഡിഎംകെ, നാഗാ പീപ്പിള്‍സ് ഫ്രണ്ട്, സമാജ്വാദി പാര്‍ട്ടി, സിപിഐ, എഐയുഡിഎഫ്, സിപിഐ (എംഎല്‍) ലിബറേഷന്‍, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ, രാഷ്ട്രീയ ലോക് ജനതാദള്‍, ഭാരതീയ സമാജ് പാര്‍ട്ടി, ഗോരഖ നാഷണല്‍ ലിബറല്‍ ഫ്രണ്ട്, ഹിന്ദുസ്ഥാനി ആവം മോര്‍ച്ച, രാഷ്ട്രീയ ലോക് ജന്‍ ശക്തി പാര്‍ട്ടി, രാഷ്ട്രവാദി കോണ്‍ഗ്രസ് പാര്‍ട്ടി (അജിത് പവാര്‍) തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദ്ദേശത്തെ എതിര്‍ത്തു.
പ്രതികരിക്കാത്ത പാര്‍ട്ടികള്‍
ഭാരത് രാഷ്ട്ര സമിതി, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ്, ജനതാദള്‍ (സെക്കുലര്‍), ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കേരള കോണ്‍ഗ്രസ് (എം), നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, രാഷ്ട്രീയ ജനതാദള്‍, രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി, റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട്, തെലുങ്കുദേശം പാര്‍ട്ടി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ സമിതിയോട് പ്രതികരിച്ചില്ല.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കുന്നതിന് മുന്നോടിയായി ഭരണഘടനാ ഭേദഗതികള്‍ വരുത്തുന്നതിനുമുള്ള ശുപാര്‍ശകളും ഉന്നതാധികാര സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. ഇതില്‍ മിക്ക ഭേദഗതികള്‍ക്കും സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരം ആവശ്യമില്ല. തെരഞ്ഞെടുപ്പുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി പൊതുവായ ഇലക്ടറല്‍ റോളും വോട്ടര്‍ ഐഡിയും നല്‍കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.