Sunday, November 24, 2024

ഓരോ ആറു സെക്കന്റിലും ഒരു കുട്ടി വീതം മരിക്കുന്നു: ശിശുമരണനിരക്കുമായി ബന്ധപ്പെട്ട പുതിയ റിപ്പോര്‍ട്ട്

ശാസ്ത്രസാങ്കേതികരംഗം പുരോഗമിക്കുമ്പോഴും ലോകത്ത് ഓരോ ആറു സെക്കന്റിലും ഒരു ശിശുമരണം വീതം സംഭവിക്കുന്നതായി വിവിധ അന്താരാഷ്ട്രസംഘടനകള്‍ ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശിശുക്ഷേമനിധി, ലോകാരോഗ്യസംഘടന, ലോകബാങ്ക്, ശിശുമരണനിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്ന ഐക്യരാഷ്ട്രസഭാസംഘടന തുടങ്ങിയ വിവിധ സംഘടനകള്‍ മാര്‍ച്ച് 14 വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2022-ല്‍ ഏതാണ്ട് അന്‍പത് ലക്ഷത്തോളം കുട്ടികളാണ് അഞ്ചു വയസ്സ് തികയുന്നതിന് മുന്‍പ് മരണമടഞ്ഞിട്ടുള്ളത്. അതേസമയം, രണ്ടായിരത്തിഇരുപത്തിരണ്ടില്‍ കുട്ടികളുടെ മരണനിരക്കില്‍ ഏതാണ്ട് 51 ശതമാനം കുറവുണ്ടായതായും, ‘ശിശുമരണനിരക്കിലെ കണക്കുകളും പ്രവണതകളും’ എന്ന പേരിലുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കി.

2022-ല്‍ മരണമടഞ്ഞ കുട്ടികളില്‍ പകുതിയോളം നവജാതശിശുക്കളാണ്. അഞ്ചുമുതല്‍ ഇരുപത്തിനാല് വരെ പ്രായമുള്ള ഇരുപത്തിയൊന്ന് ലക്ഷത്തോളം ആളുകളും മരണമടഞ്ഞുവെന്ന് സംഘടനകളുടെ റിപ്പോര്‍ട്ട് വ്യക്തമാക്കി. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മരണസാധ്യത മറ്റു കുട്ടികളേക്കള്‍ ഇരട്ടിയോളമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ദുര്‍ബലപ്രദേശങ്ങളിലും സംഘര്‍ഷമേഖലകളിലും താമസിക്കുന്ന കുട്ടികളുടെ മരണസാധ്യത മറ്റുള്ളവരെക്കാള്‍ ഏതാണ്ട് മൂന്നിരട്ടിയാണ്. റിപ്പോര്‍ട്ട് പ്രകാരം, രണ്ടായിരത്തി മുപ്പത്തിനൊടകം ലോകത്ത് ഏതാണ്ട് മൂന്നരക്കോടിയോളം കുട്ടികള്‍ അഞ്ച് വയസ്സിന് മുന്‍പായി മരണമടയും.

സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന പല രാജ്യങ്ങളും ശിശുമരണനിരക്കില്‍ കുറവുണ്ടാക്കാന്‍ പരിശ്രമിച്ചുവെന്ന്, കംബോജിയ, മലാവി, മംഗോളിയ, റുവാണ്ട തുടങ്ങിയ രാജ്യങ്ങളുടെ ഉദാഹരണം എടുത്തുകാട്ടി റിപ്പോര്‍ട്ട് വ്യക്തമാക്കി. മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങളുടെ സഹായത്തോടെയാണ് ഇത്തരമൊരു പുരോഗതി കൈവരിക്കാനായതെന്ന് യൂണിസെഫ് ഡയറക്ടര്‍ ജനറല്‍ കാതറിന്‍ റസ്സല്‍ പ്രസ്താവിച്ചു.

വിവിധ മേഖലകളില്‍ മാനവികത പുരോഗമിച്ചുവെങ്കിലും, ശിശുമരണം പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ഇനിയും നമുക്ക് സാധിച്ചിട്ടില്ലെന്നത് റിപ്പോര്‍ട്ട് പ്രത്യേകമായി എടുത്തുപറഞ്ഞു. ആഫ്രിക്ക, തെക്കന്‍ ഏഷ്യന്‍ പ്രദേശങ്ങളിലാണ് ശിശുമരണനിരക്ക് കൂടുതലായുള്ളത്. 2000 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഏതാണ്ട് ഇരുപത്തിരണ്ട് കോടിയോളം ശിശുക്കളും യുവജനങ്ങളും മരണമടഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

 

Latest News