പോളിയോ ബാധിച്ച് 70 വര്‍ഷത്തോളം അയണ്‍ ലങ്സിനുളളില്‍ (ലോഹം കൊണ്ട് നിര്‍മിച്ച കൃത്രിമ ശ്വാസകോശ) ജീവിച്ച പോള്‍ അലക്സാണ്ടര്‍ 78-ാം വയസ്സില്‍ അന്തരിച്ചു. 1946 ലാണ് പോള്‍ ജനിച്ചത്. ആറാമത്തെ വയസ്സില്‍ പോളിയോ ബാധിച്ചു. അമേരിക്കയില്‍ വലിയ രീതിയില്‍ പോളിയോ പൊട്ടിപുറപ്പെട്ട സമയമായിരുന്നു അത്. തലയും കഴുത്തും വായയും മാത്രമേ പോളിന് ചലിപ്പിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. പിന്നീട് സ്വയം ശ്വസിക്കാനുള്ള ശേഷിയും നഷ്ടമായി. തുടര്‍ന്നാണ് അയണ്‍ ലങ്സിനുള്ളില്‍ ജീവിതമാരംഭിച്ചത്. പോളിന് സ്വയം ശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ മനസിലാക്കിയതിനെത്തുടര്‍ന്നാണ് ഈ ചികിത്സാരീതി തുടര്‍ന്നത്.
600 പൗണ്ട് ഭാരമുള്ള ലോഹക്കൂടിനുള്ളിലായിരുന്നു പോളിന്റെ ജീവിതം. ഇരുമ്പ് ശ്വാസകോശത്തില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച വ്യക്തിയായി അദ്ദേഹം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിലും ഇടം നേടിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ‘പോളിയോ പോള്‍’ എന്ന് പേരില്‍ ലോകം മുഴുവന്‍ അദ്ദേഹം അറിയപ്പെട്ടു. ഇരുമ്പ് ശ്വാസകോശത്തില്‍ ജീവിച്ച അവസാനത്തെ ആളുകളില്‍ ഒരാളായിരുന്നു അദ്ദേഹം. ഒരു വ്യക്തിയുടെ ശരീരത്തിന്റെ ഭൂരിഭാഗവും ഉള്‍ക്കൊള്ളുന്ന ശ്വസന സഹായ സംവിധാനമാണ് ഇരുമ്പ് ശ്വാസകോശം. പുതിയ ആരോഗ്യ രംഗത്ത് ഇതിന്റെ ഉപയോഗം കാലഹരണപ്പെട്ടതാണ്.
ഈ യാതനയ്ക്കിടയിലും പോള്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, അഭിഭാഷകനായി, എഴുത്തുകാരനുമായി. 2020ല്‍ അദ്ദേഹം ഒരു ഓര്‍മ്മക്കുറിപ്പ് പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ കഥ ലോകമെമ്പാടുമുള്ള ആളുകളെ സ്വാധീനിച്ചു. അതിജീവനത്തിന്റെ ഉദാത്ത മാതൃകയായിരുന്നു പോള്‍.