മൊബൈല്‍ നമ്പര്‍ മാറാതെ സേവന ദാതാവിനെ മാറ്റാന്‍ കഴിയുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനത്തിന് പുതിയ നിബന്ധന ഏര്‍പ്പെടുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പുതിയ ചട്ടങ്ങളിലാണ് നിബന്ധനകളില്‍ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഇത് അനുസരിച്ച് ഒരു സിം മാറ്റിയിട്ടാല്‍ (Swapped or replaced) ഏഴ് ദിവസത്തേക്ക് ആ കണക്ഷന്‍ മറ്റൊരു സേവന ദാതാവിലേക്ക് പോര്‍ട്ട് ചെയ്യാന്‍ സാധിക്കില്ല.
രാജ്യത്ത് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം നിലവില്‍ വന്ന ശേഷം കൊണ്ടുവരുന്ന ഒന്‍പതാമത്തെ ഭേദഗതിയാണ് ഇപ്പോഴത്തേത്. മൊബൈല്‍ സിം കാര്‍ഡ് വഴി നടക്കുന്ന തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ട് കൊണ്ടുവന്നതാണ് ഏറ്റവും പുതിയ ഈ നിബന്ധന. വരുന്ന ജൂലൈ മാസം ഒന്നാം തീയ്യതി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഏഴ് ദിവസത്തിനുള്ളില്‍ സിം കാര്‍ഡ് ഫോണില്‍ നിന്ന് മാറ്റിയിട്ടിട്ടുണ്ടെന്ന് ടെലികോം കമ്പനിക്ക് ബോധ്യപ്പെട്ടാല്‍ യുനീക് പോര്‍ട്ടിങ് കോഡിനുള്ള അപേക്ഷ നിരസിക്കപ്പെടും.
ടെലികമ്മ്യൂണിക്കേഷന്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (ഒന്‍പതാം ഭേദഗതി) റെഗുലേഷന്‍ 2024 എന്ന പേരില്‍ കഴിഞ്ഞാഴ്ചയാണ് ട്രായ് പുതിയ ചട്ടങ്ങള്‍ കൊണ്ടുവന്നത്. ഒരു ഉപഭോക്താവ് തന്റെ സിം കാര്‍ഡ് കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ ഫോണില്‍ മാറ്റിയിട്ടിട്ടുണ്ടെങ്കില്‍ ആ സിം കാര്‍ഡ് മറ്റൊരു സേവന ദാതാവിലേക്ക് പോര്‍ട്ട് ചെയ്യാന്‍ സാധിക്കില്ല. സിം മാറ്റിയാല്‍ ഏഴ് ദിവസം കഴിഞ്ഞ് മാത്രമേ പോര്‍ട്ടിങ് സാധ്യമാവൂ എന്ന് അര്‍ത്ഥം. സിം ഉപയോഗിച്ചും സിം പോര്‍ട്ട് ചെയ്തും നടത്തുന്ന തട്ടിപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ വേണ്ടിയാണ് ട്രായ് ഇത്തരമൊരു നിബന്ധന കൊണ്ടുവന്നിരിക്കുന്നത്.
ഉപഭോക്താവ് സിം കാര്‍ഡ് പോര്‍ട്ട് ചെയ്യാനായി യൂനീക് പോര്‍ട്ടിങ് കോഡ് ആവശ്യപ്പെട്ട് സേവനദാതാവിന് എസ്എംഎസ് അയച്ചാല്‍ ആ ആവശ്യം നിരസിക്കാനുള്ള ഒരു കാരണം കൂടിയായി ഇപ്പോഴത്തെ നിബന്ധന കണക്കാക്കപ്പെടും. പരിശോധനയില്‍ ഏഴ് ദിവസത്തിനകം സിം മാറ്റിയിട്ടിട്ടുള്ളതായി സേവനദാതാവ് കണ്ടെത്തുകയാണെങ്കില്‍ പോര്‍ട്ടിങ് കോഡിനുള്ള അപേക്ഷ നിരസിക്കും. 2009ലാണ് രാജ്യത്ത് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം കൊണ്ടുവന്നത്