Sunday, November 24, 2024

വരാന്‍ പോകുന്നത് എഐ നിയന്ത്രിക്കുന്ന യുദ്ധം; 6 ജി ആകാനൊരുങ്ങി ഇന്ത്യന്‍ സൈന്യം

സൈനിക ആവശ്യങ്ങള്‍ക്കായി എഐ, 5ജി, മെഷീന്‍ ലേണിംഗ്, ക്വാണ്ടം ടെക്‌നോളജീസ് തുടങ്ങിയ ആശയവിനിമയ സാങ്കേതികവിദ്യകള്‍ എങ്ങനെ ഉപയോഗിക്കാം എന്നു പഠിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ സൈന്യം. എഐ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ എങ്ങനെ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്ന് ഗവേഷണം നടത്തുന്നതിനും പ്രയോഗത്തില്‍ കൊണ്ടുവരുന്നതിനുമായി സിഗ്‌നല്‍ ടെക്‌നോളജി ഇവാലുവേഷന്‍ ആന്‍ഡ് അഡാപ്‌റ്റേഷന്‍ ഗ്രൂപ്പിന് (STEAG) രൂപം നല്‍കി.

പ്രധാനമായും ആശയവിനിമയത്തിന് ഏറ്റവും ആധുനിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുക എന്നതാണ് സൈന്യത്തിന്റെ ലക്ഷ്യം ”സൈനിക പ്രവര്‍ത്തനങ്ങളിലെ ഒരു പ്രധാന ഘടകമാണ് ആശയവിനിമയം. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യകളുടെ സാധ്യതകള്‍ യുദ്ധ ഭൂമിയില്‍ ഉപയോഗിക്കേണ്ടതായിട്ടുണ്ട്. എതിരാളികളെക്കാള്‍ മികച്ച ആശയവിനിമയശേഷിയും വിവരങ്ങള്‍ സമന്വയിപ്പിക്കുന്നതിനും കൈമാറുന്നതിനുമുള്ള കഴിവും യുദ്ധത്തില്‍ ആവശ്യമാണ് ‘ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തടസ്സമില്ലാതെ ആശയവിനിമയത്തിന് സഹായിക്കുന്ന ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുക എന്നത് ആധുനിക യുദ്ധ കാലത്ത് ഏറ്റവും ആവശ്യമാണ്. സാങ്കേതികവിദ്യയിലെ ഇത്തരം മുന്നേറ്റങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനായി STEAG ഡിജിറ്റല്‍ ഡൊമെയ്നിലെ 12 ലക്ഷത്തോളം വരുന്ന സൈന്യത്തിന്റെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇലക്ട്രോണിക് എക്സ്ചേഞ്ചുകള്‍, മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സ്, സോഫ്റ്റ്വെയറുകളില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോകള്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ സിസ്റ്റങ്ങള്‍, 5G, 6G നെറ്റ്വര്‍ക്കുകള്‍, ക്വാണ്ടം ടെക്നോളജീസ്, എഐ, മെഷീന്‍ ലേണിംഗ് എന്നിവ ഉള്‍പ്പെടുന്ന വയേര്‍ഡ്, വയര്‍ലെസ് സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുകയും അവ പ്രയോഗത്തില്‍ കൊണ്ടുവരികയുമാണ് ലക്ഷ്യമിടുന്നത്.

 

 

Latest News