Sunday, November 24, 2024

ക്രൈസ്തവര്‍ക്ക് മേല്‍ അടിച്ചമര്‍ത്തലുകള്‍ വര്‍ദ്ധിപ്പിച്ച് നിക്കരാഗ്വന്‍ ഭരണകൂടം

ക്രൈസ്തവര്‍ക്കെതിരെ അടിച്ചമര്‍ത്തലുകളും നിയന്ത്രണങ്ങളുമായി നിക്കരാഗ്വയിലെ ഒര്‍ട്ടേഗ ഭരണകൂടം. വിശുദ്ധവാരത്തില്‍ നിക്കരാഗ്വയിലുടനീളം പാരമ്പരാഗതമായി നടത്തപ്പെടുന്ന 4,800 ഓളം പ്രദക്ഷിണകള്‍ ഒര്‍ട്ടേഗ ഭരണകൂടം നിരോധിച്ചു. കൂടാതെ, വളരെ കുറച്ച് ഇടവകകള്‍ക്ക് മാത്രമേ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളുടെ ഭാഗമായി ഉള്ള പ്രദക്ഷിണങ്ങള്‍ നടത്തുവാന്‍ അനുമതിയുള്ളു.

പ്രദക്ഷിണങ്ങള്‍ ദേവാലത്തിനുള്ളില്‍ മാത്രം നടത്തുവാന്‍ ആണ് അനുമതി. പൊതു സ്ഥലങ്ങളിലേക്ക് പ്രദക്ഷിണം എത്തുന്നതിനും വിലക്കുണ്ട് എന്ന് നിക്കരാഗ്വന്‍ അഭിഭാഷകയും ഗവേഷകയുമായ മാര്‍ത്ത പട്രീഷ്യ മോളിന വെളിപ്പെടുത്തി. സഭയെ ഉന്മൂലനം ചെയ്യുന്നതിനായി കത്തോലിക്കാ ജനതയുടെ വിശ്വാസം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നു എന്നും അതിന്റെ തെളിവാണ് ഈ അടിച്ചമര്‍ത്തലുകള്‍ എന്നും മോളിന ചൂണ്ടിക്കാട്ടി.

രാജ്യത്തെ മിക്ക ഇടവകകളിലും ചാപ്പലുകളിലും ഉള്ളതുപോലെ എല്ലാ നിക്കരാഗ്വന്‍ രൂപതകളിലെയും കത്തീഡ്രലുകളില്‍ ഘോഷയാത്രകള്‍ ആന്തരികമായി നടത്തും. സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സത്യം പറഞ്ഞതിനും ഏകാധിപതികള്‍ നടത്തിയ എല്ലാ മനുഷ്യാവകാശ ലംഘനങ്ങളെയും ചൂണ്ടിക്കാണിച്ചതിനും മാത്രമാണ് ഭരണകൂടം കത്തോലിക്കാ സഭയെ പീഡിപ്പിക്കുന്നത് എന്നും മോളിന വെളിപ്പെടുത്തുന്നു.

‘നിക്കരാഗ്വ: എ പെര്‍സിക്യുട്ടഡ് ചര്‍ച്ച്’ എന്ന റിപ്പോര്‍ട്ടിന്റെ രചയിതാവാണ് മാര്‍ത്ത പട്രീഷ്യ മോളിന. 2023 ഒക്ടോബറില്‍, അതിന്റെ നാലാം പതിപ്പില്‍ 2018 ഏപ്രില്‍ മുതല്‍ 2023 ഓഗസ്റ്റ് വരെ നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്ക്ക് നേരെ 667 ആക്രമണങ്ങള്‍ നടന്നു എന്ന് രേഖപ്പെടുത്തി. തുടര്‍ന്ന് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരായ മറ്റൊരു 70 ആക്രമണങ്ങളും ഇവയ്ക്കൊപ്പം കൂട്ടിചേര്‍ത്തു.

 

Latest News