മതത്തിന്റേയും വംശത്തിന്റേയും പേരിലുള്ള വിദ്വേഷക്കുറ്റങ്ങള്‍ ഫ്രാന്‍സില്‍ വര്‍ധിച്ചതായി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. 2023 വര്‍ഷത്തില്‍ 32 ശതമാനം വര്‍ധനയാണ് ഇത്തരം സംഭവങ്ങളിലുണ്ടായത്. ഒക്ടോബറില്‍ ഗാസ പ്രതിസന്ധി ആരംഭിച്ചശേഷം വിദ്വേഷക്കുറ്റങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് അറിയിച്ചു.
2023ല്‍ വംശം, ദേശീയത, മതം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 8,500 കുറ്റകൃത്യങ്ങളാണു പോലീസില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ഭീകരാക്രമണത്തിനും തുടര്‍ന്ന് ഇസ്രയേലിന്റെ തിരിച്ചടിക്കും പിന്നാലെ വിദ്വേഷക്കുറ്റങ്ങളുടെ നിരക്ക് വര്‍ധിച്ചു. 2022 ലെ ഒക്ടോബര്‍-ഡിസംബര്‍ കാലത്തേക്കാള്‍ ഇരട്ടിയായിട്ടാണ് വര്‍ധിച്ചത്.
അതേസമയം, മതത്തിന്റെ അടിസ്ഥാനത്തില്‍ കണക്ക് വേര്‍തിരിച്ചു കാണിച്ചിട്ടില്ല. എന്നാല്‍, യഹൂദര്‍ക്കെതിരേ ആക്രമണം വലിയ തോതില്‍ വര്‍ധിച്ചതായി അവരുടെ സംഘടനകള്‍ പറഞ്ഞു.
ആഫ്രിക്കന്‍ വംശജര്‍ വലിയ തോതില്‍ ആക്രമണത്തിനിരയായെന്ന് കണക്കില്‍ പറയുന്നുണ്ട്. 25നും 54നും ഇടയിലുള്ള പുരുഷന്മാരാണ് കൂടുതലായും ആക്രമിക്കപ്പെട്ടത്. പക്ഷേ, ഇതില്‍ നാലു ശതമാനം മാത്രമേ പരാതിപ്പെടാന്‍ തയാറായുള്ളൂ.