ഗര്‍ഭിണികള്‍ കടുത്ത ചൂടില്‍ ജോലി ചെയ്യുന്നത് ചാപിള്ള പിറക്കാനും ഗര്‍ഭം അലസാനുമുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് പഠനം. ഭാവിയില്‍ ഇത് സംബന്ധിച്ച അപകടസാധ്യതകള്‍ കൂടുതലാണെന്നും ഇന്ത്യയില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട്ടിലെ എണ്ണൂറോളം ഗര്‍ഭിണികളെ ഉള്‍പ്പെടുത്തി ചെന്നൈയിലെ ശ്രീരാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് 2017ലാണ് പഠനം ആരംഭിച്ചത്.
കാര്‍ഷിക മേഖല, ഇഷ്ടിക ചൂളകള്‍, ഉപ്പ് ഫാക്ടറികള്‍ തുടങ്ങിയ ഉയര്‍ന്ന ചൂടുള്ള ഇടങ്ങളിലും സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങി ആപേക്ഷികമായി തണുപ്പുള്ള കാലാവസ്ഥയിലും ജോലി ചെയ്ത സ്ത്രീകളെയാണ് ഗവേഷണത്തില്‍ ഉള്‍പ്പെടുത്തിയത്. എന്നിരുന്നാലും രണ്ടാമത്തെ ഇടത്തിലും ചൂടുള്ള സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുണ്ടായിരുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭീഷണികള്‍ അനുഭവപ്പെടുന്നവരില്‍ ഗര്‍ഭിണികള്‍ മുന്‍പന്തിയിലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. തണുപ്പുള്ള ഇടങ്ങളെക്കാള്‍ ചൂടുള്ള ഇടങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ ശാരീരിക അസ്വസ്ഥതകള്‍ക്കും ഗര്‍ഭം അലസലിനും ചാപിള്ള പിറക്കാനും സാധ്യത കൂടുതലാണെന്ന് പഠനം പറയുന്നു.
യുകെ പോലുള്ള രാജ്യങ്ങളിലും ചൂടുള്ള വേനല്‍ക്കാലം ഇത്തരത്തില്‍ ബാധിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അതിനാല്‍തന്നെ ആഗോളതലത്തില്‍ ചൂടുള്ള കാലാവസ്ഥയില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് പ്രത്യേക ആരോഗ്യ മാനദണ്ഡങ്ങള്‍ നല്‍കണമെന്ന് പഠനം ആവശ്യപ്പെടുന്നു. നിലവില്‍ ആഗോള തലത്തില്‍ ഇത്തരത്തിലുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഒന്നുംതന്നെയില്ല.
‘മനുഷ്യശരീരത്തിന് ഏത് അളവിലുള്ള താപം വരെ താങ്ങാന്‍ സാധിക്കുമെന്നത് സംബന്ധിച്ച് കൃത്യമായ അളവില്ല. നിങ്ങളുടെ ശരീരം ഇത്രയും കാല ചൂടിന്റെ എങ്ങനെ പ്രതിരോധിച്ചു എന്നതാണ് അതിന്റെ മാനദണ്ഡം,’ പഠനത്തിനു നേതൃത്വം നല്‍കിയ പ്രൊഫ ജെയിന്‍ ഹിര്‍സ്റ്റ് പറയുന്നു.