പരസഹായമില്ലാതെ എഴുന്നേറ്റ് നില്‍ക്കാന്‍ സഹായിക്കുന്ന വീല്‍ ചെയര്‍ നിര്‍മിച്ച് മദ്രാസ് ഐഐടി. ‘നിയോസ്റ്റാന്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സ്റ്റാന്‍ഡിംഗ് വീല്‍ചെയര്‍ ഉപയോക്താക്കള്‍ക്ക് ഏറെ സൗകര്യപ്രദമാണ്. നിയോസ്റ്റാന്‍ഡില്‍ നല്‍കിയിരിക്കുന്ന ഒരു ബട്ടണില്‍ സ്പര്‍ശിക്കുന്നതോടെ വീല്‍ ചെയര്‍, ഇരിക്കുന്ന അവസ്ഥയില്‍ നിന്ന് ഉയര്‍ന്നുപൊങ്ങി, നില്‍ക്കുന്ന അവസ്ഥയിലേക്ക് മാറുന്നതിന് സഹായിക്കും.
വാണിജ്യാടിസ്ഥാനത്തില്‍ ഐഐടി മദ്രാസ് സ്റ്റാര്‍ട്ട്-അപ് ആയ നിയോ മോഷന്‍ മുഖേന നിയോസ്റ്റാന്‍ഡ് വിപണിയില്‍ എത്തിക്കാണ് പദ്ധതി. ഐഐടി മദ്രാസിലെ ടിടികെ സെന്റര്‍ ഫോര്‍ റീഹാബിലിറ്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് ഡിവൈസ് ഡെവലപ്പ്മെന്റ് മേധാവി പ്രൊഫ. സുജാതാ ശ്രീനിവാസനാണ് നിയോസ്റ്റാന്‍ഡ് പ്രോജക്ട് വികസിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയത്.
ഐഐടി മദ്രാസിലെ ഫാക്കല്‍റ്റികള്‍ നയിക്കുന്ന വളരെ പ്രധാനപ്പെട്ട ഗവേഷണത്തിലൊന്നാണ് നിയോസ്റ്റാന്‍ഡെന്നു ഐഐടി മദ്രാസ് ഡയറക്ടര്‍, പ്രൊഫ. വി കാമകോടി പറഞ്ഞു. നിയോസ്റ്റാന്‍ഡിന്റെ കാര്യത്തില്‍, വീല്‍ചെയറില്‍ ഇരിക്കുന്ന ഒരാളിനെ ഇരിക്കുന്ന അവസ്ഥയില്‍ നിന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ കേവലം ഒരു സ്വിച്ച് ഉപയോഗിക്കേണ്ട ആവശ്യമേ ഉള്ളൂവെന്ന് പ്രൊഫ. സുജാതാ ശ്രീനിവാസന്‍ പറഞ്ഞു.