Monday, November 25, 2024

യുദ്ധമുഖത്തേക്ക് മനുഷ്യക്കടത്ത്; സിബിഐ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു

റഷ്യയില്‍ ജോലിവാഗ്ദാനം ചെയ്ത് എത്തിച്ചശേഷം സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത് അപകടത്തില്‍പ്പെട്ട യുവാക്കള്‍ തിരികേവരാനാകാതെ ദുരിതജീവിതത്തില്‍. തിരുവനന്തപുരത്തുനിന്ന് നിരവധി യുവാക്കളാണ് സ്വകാര്യ റിക്രൂട്ടിങ് ഏജന്റുമാര്‍ വഴി റഷ്യയിലെത്തി ചതിയില്‍പ്പെട്ടത്.

യാതൊരു പരിശീലനവും നല്‍കാതെ യുക്രൈന്‍ യുദ്ധമുഖത്തേക്ക് അയയ്ക്കപ്പെട്ട് പരിക്കേറ്റ കൂടുതല്‍പ്പേരുടെ വിവരങ്ങള്‍ ഓരോദിവസവും പുറത്തുവരുകയാണ്. പലയിടത്തും ഒളിവില്‍ക്കഴിയുന്ന ഇവരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രം ഇടപെടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

രാജ്യത്തുനിന്ന് റഷ്യന്‍ സൈന്യത്തിലേക്കു യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് സി.ബി.ഐ. അന്വേഷിക്കുകയാണ്. വ്യാപകമായി യുവാക്കളെ റഷ്യയിലെത്തിച്ച വിവരം പുറത്തുവന്നതോടെ സി.ബി.ഐ. സംഘം തിരുവനന്തപുരത്തും എത്തും.

അഞ്ചുതെങ്ങ് സ്വദേശികളായ 32 യുവാക്കളാണ് ചതിയില്‍പ്പെട്ട് റഷ്യന്‍ സൈനിക ക്യാമ്പിലെത്തിയത്. ഇവരില്‍ ഒരാള്‍ക്ക് പരിക്കേറ്റതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒന്നരലക്ഷംമുതല്‍ രണ്ടരലക്ഷംരൂപവരെ മാസശമ്പളം വാഗ്ദാനം ചെയ്താണ് പലരെയും റഷ്യയിലെത്തിച്ചത്. സൈനികസേവനത്തിനാണെന്ന് ഇവരെ അറിയിച്ചിരുന്നുമില്ല. ദരിദ്രകുടുംബങ്ങളിലെ യുവാക്കളെയാണ് ഇത്തരത്തില്‍ കബളിപ്പിച്ചത്.

 

Latest News